Football

മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ; റെക്കോർഡ്

ഇതിഹാസ താരം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ. ലോക കായിക ചരിത്രത്തിൽ തന്നെ ഒരു താരത്തിൻ്റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അതേസമയം, ലേലത്തിൽ വിറ്റ ജഴ്സി അല്ല ഗോളുകൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്നതെന്ന അവകാശവാദവുമായി മറഡോണയുടെ മകൾ രംഗത്തുവന്നു.

1986 ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് ലേലത്തിൽ വച്ചത്. മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. എന്നാൽ, ഹോഡ്ജിൻ്റെ കൈയിലുള്ള ജഴ്സിയല്ല ഗോളുകൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്നതെന്ന് മകൾ അവകാശപ്പെട്ടു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അണിഞ്ഞ ജേഴ്‌സിയാണ് മറഡോണ ഹോഡ്ജിന് കൈമാറിയത് എന്നാണ് മകളുടെ വാദം. അതേസമയം, രണ്ടാം പകുതിയിലായിരുന്നു മറഡോണ രണ്ട് ഗോളുകളും നേടിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൻ്റെ 51ആം മിനിട്ടിലാണ് ‘ദൈവത്തിൻ്റെ കൈ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾ പിറന്നത്. ഗോളിനായി ഉയർന്നുചാടിയ താരം കൈ കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 55ആം മിനിട്ടിൽ നൂറ്റാണ്ടിലെ ഗോൾ എന്നറിയപ്പെടുന്ന മറ്റൊരു ഗോളും മറഡോണ സ്കോർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ മനോഹര ഗോൾ. മത്സരം മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീന വിജയിച്ചു.