Football

എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ബൈചുങ് ബൂട്ടിയ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. ബൂട്ടിയ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തന്നെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് നീട്ടിവച്ചത്.

ഇലക്ട്രൽ കോളജിൽ മാറ്റം വരുത്തിയതോടെ ബൂട്ടിയ മത്സരിക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനിടെ കല്യൺ ചൗബെ പ്രസിഡന്റായി ഏകപക്ഷീയ പാനൽ അവതരിപ്പിക്കാൻ സംസ്ഥാന അസോസിയേഷനുകൾ പദ്ധതിയിട്ടതിനു പിന്നാലെ ബൂട്ടിയ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്. ആന്ധ്രാ ഫുട്ബോൾ അസോസിയേഷനാണ് ബൂട്ടിയയെ നിർദ്ദേശിച്ചത്. രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷൻ ഇദ്ദേഹത്തെ പിന്താങ്ങിയിട്ടുണ്ട്.

ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിനാണ് നടക്കുക. ഈ മാസം 25 മുതൽ 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28ന് നാമനിർദ്ദേശ പത്രികകൾ പരിശോധിച്ച് 30ന് പേരുകൾ എഐഎഫ്എഫ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ന്യൂഡൽഹിയിലെ എഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചാവും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും.

ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസം സുപ്രിംകോടതി പിരിച്ചുവിട്ടിരുന്നു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറി സുപ്രിംകോടതി ഉത്തരവിറക്കി. ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രിംകോടതി ഭരണത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു.

എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് നഷ്ടമാവാതിരിക്കാനാണ് കോടതിയുടെ ശ്രമം.