Football Sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ടീമായി എഫ്.സി ഗോവ

ജംഷെഡ്പൂരിനെ അഞ്ച് ഗോളിന് തകര്‍ത്ത് ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് എഫ്.സി ഗോവക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്…

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി എഫ്.സി ഗോവ. ചാമ്പ്യന്‍സ് ലീഗ് മാതൃകയില്‍ ഏഷ്യയിലെ മുന്‍നിര ക്ലബുകള്‍ തമ്മിലുള്ള പോരാട്ടവേദിയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്. ഐ.എസ്.എലില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജംഷഡ്പൂരിനെ തകര്‍ത്താണ് എഫ്.സി ഗോവ ലീഗില്‍ ഒന്നാം സ്ഥാനവും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിനുള്ള ടിക്കറ്റും ഉറപ്പിച്ചത്.

ഫെറന്‍ കൊറോമിനാസ്(11′), ഹ്യൂഗോ ബോമസ് (70′,90′), ജാക്കി ചന്ദ് സിംഗ്(84′), മൗര്‍ട്ടാഡ ഫാള്‍(87′) എന്നിവരാണ് ഗോവക്കായി ഗോളുകള്‍ നേടിയത്. ഇതോടെ ഐ.എസ്.എല്ലില്‍ എഫ്.സി ഗോവക്ക് 18 കളികളില്‍ നിന്നും 39 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ യേക്കാള്‍ ആറ് പോയിന്റിന്റെ മുന്‍തൂക്കം എഫ്.സി ഗോവക്കുണ്ട്. എ.ടി.കെക്ക് ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഇതോടെ 2021ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യത എഫ്.സി ഗോവ നേടുകയായിരുന്നു.

ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും അടക്കമുള്ള ഇന്ത്യന്‍ ക്ലബുകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2002ല്‍ ആരംഭിച്ചത് മുതല്‍ ഒരു ഇന്ത്യന്‍ ക്ലബ് പോലും ഈ ടൂര്‍ണ്ണമെന്റില്‍ കളിച്ചിട്ടില്ല.