Football Sports

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം

യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും.

പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്ത്യാനോയെയും സംഘത്തെയും ആധികാരികമായി തോല്പിക്കാൻ കഴിഞ്ഞത് ജർമ്മനിക്ക് ആത്മവിശ്വാസം നൽകും. അതേസമയം, കിരീട സാധ്യത പോലും കല്പിക്കപ്പെടുന്ന ഫ്രാൻസിനെ സമനിലയിൽ കുരുക്കിയാണ് ഹംഗറി കളത്തിലിറങ്ങുക. ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ജർമ്മനിക്കെതിരെയും പുറത്തെടുക്കാനായാൽ ഗ്രൂപ്പ് എഫിൽ ആവേശം വർധിക്കും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫ്രാൻസ്. ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി യൂറോ കപ്പ് ആരംഭിച്ച ഫ്രാൻസിന് രണ്ടാം മത്സരത്തിൽ ഹംഗറിയ്ക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ വിജയം തന്നെയാണ് ഫ്രാൻസ് പ്രതീക്ഷിക്കുന്നത്. ഹംഗറിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗംഭീരമായി തുടങ്ങിയ പോർച്ചുഗലിന് ജർമ്മനിക്കെതിരായ കൂറ്റൻ പരാജയം കനത്ത തിരിച്ചടി ആയി. ഫ്രാൻസിനെ കീഴടക്കി പ്രീക്വാർട്ടറിൽ എത്തുക എന്നതാവും അവരുടെ ലക്ഷ്യം. ഈ മത്സരവും അർദ്ധരാത്രി 12.30നാണ്.

ഗ്രൂപ്പ് ഇയിലും ഇന്ന് രണ്ട് മത്സരങ്ങൾ ഉണ്ട്. സ്വീഡൻ പോളണ്ടിനെ നേരിടുമ്പോൾ സ്പെയിൻ-സ്ലൊവാക്യ മത്സരവും ഇന്ന് നടക്കും. രണ്ട് മത്സരവും ഇന്ത്യൻ സമയം രാത്രി 9.30നാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് സമനില മാത്രമുള്ള സ്പെയിന് ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്വീഡനും സ്ലൊവാക്യയ്ക്കും ഒരു സമനില കൊണ്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.