Sports

ടോക്യോ ഒളിമ്പിക്സ്: വനിതകളുടെ 200 മീറ്ററിലും സ്വർണം; എലൈൻ തോംസണ് ഡബിൾ

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസണ് സ്വർണം. 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ സ്വന്തമാക്കിയ താരം ഇതോടെ ഒളിമ്പിക്സ് ഡബിളും സ്വന്തമാക്കി. 21.53 സെക്കൻഡിലാണ് എലൈൻ രണ്ടാം സ്വർണത്തിലേക്ക് ഓടിക്കയറിയത്. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോമയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 21.87 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന അമേരിക്കൻ താരം ഗബ്രിയേൽ തോമസിനാണ് വെങ്കലം. (elaine thompson gold olympics) 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ടോക്യോയിൽ എലൈൻ തോംസൺ കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിലും എലൈൻ തോംസൺ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. ഡബിൾ നേട്ടത്തോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ സ്പ്രിൻ്റ് ഡബിൾ തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും ജമൈക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.

അതേസമയം, പുരുഷ ഹോക്കിയിൽ മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ജർമ്മനിക്കെതിരെ ഏറ്റുമുട്ടും. ഓസ്ട്രേലിയക്കെതിരെ നടന്ന സെമിഫൈനലിൽ 3-1 എന്ന സ്കോറിനാണ് ജർമ്മനി പരാജയപ്പെട്ടത്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ജർമ്മനി പൊരുതിയാണ് കീഴടങ്ങിയത്. ഇതോടെ ഫൈനലിൽ ബെൽജിയം-ഓസ്ട്രേലിയ ടീമുകൾ ഏറ്റുമുട്ടും.

ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയും ജർമ്മനിയും തമ്മിൽ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക. 4 തവണ ഒളിമ്പിക്സ് സ്വർണമെഡൽ സ്വന്തമാക്കിയിട്ടുള്ള ടീമാണ് ജർമ്മനി.

ബെൽജിയത്തിനെതിരെ നടന്ന സെമിഫൈനലിൽ 5-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റി കോർണറിലൂടെയാണ്.