Football Sports

ഡ്യൂറൻഡ് കപ്പ്; ഗോകുലം കേരളയ്ക്ക് സമനില

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡ് ആണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. റഹീം ഓസുമാനു, ഷരീഫ് മുഖമ്മദ് എന്നിവർ ഗോകുലത്തിനു വേണ്ടിയും ജെയിൻ പി, ബികാഷ് ഥാപ്പ എന്നിവർ ആർമി റെഡിനായും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. (durand cup gokulam kerala)

9 ആം മിനിട്ടിൽ തന്നെ റഹീം ഓസുമാനു ഗോകുലത്തെ മുന്നിലെത്തിച്ചു. തകർപ്പൻ ലോംഗ് റേഞ്ചറിലൂടെയാണ് ഘാന താരം ഗോൾ നേടിയത്. എന്നാൽ, ഈ ലീഡ് ഏറെ നേരം നീണ്ടുനിന്നില്ല. 30ആം മിനിട്ടിൽ മലയാളി താരം ജെയിൻ നേടിയ ഗോളിൽ ആർമി റെഡ് ഗോകുലത്തിനൊപ്പമെത്തി. മിനിട്ടുകൾക്കുള്ളിൽ ആർമി റെഡ് വീണ്ടും സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കാൻ 2 മിനിട്ട് മാത്രം ബാക്കി നിൽക്കെ ബികാഷ് ഥാപ്പ ആർമി റെഡിനെ മുന്നിലെത്തിച്ചു. ഗോകുലം ഗോൾ കീപ്പറുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. തിരിച്ചടിക്കാൻ നിരന്തരം ശ്രമിച്ച ഗോകുലം 68ആം മിനിട്ടിൽ ഒപ്പമെത്തി. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റൻ ഷരീഫ് മുഖമ്മദാണ് ഗോകുലത്തെ മത്സരത്തിൽ തിരികെ എത്തിച്ചത്.

മികച്ച ഒത്തിണക്കവും നിയന്ത്രണവും പ്രകടിപ്പിച്ച ആർമി റെഡ് ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബിൻ്റെ കളിയാണ് പുറത്തെടുത്തത്. പ്രതിരോധവും ഗോൾ കീപ്പിംഗുമാണ് ഗോകുലത്തിനു തിരിച്ചടി ആയത്. ആദ്യ മത്സരത്തിൽ അസം റൈഫിൾസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്ത ആർമി റെഡിന് ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുകളായി. ഇവർ തന്നെയാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്.

അതേസമയം, ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് എഫ്സി തകർപ്പൻ ജയം കുറിച്ചു. യുവതാരങ്ങളുമായി ഇറങ്ങിയ ഹൈദരാബാദ് അസം റൈഫിൾസിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മലയാളി താരം അബ്ദുൽ റബീഹ് ആണ് ഹൈദരാബാദിനായി ആദ്യ ഗോൾ നേടിയത്. ഹൈദരബാദിനായുള്ള റബീഹിന്റെ ആദ്യ ഗോളാണിത്. ഹൈദരാബാദ്-ഗോകുലം മത്സരമാണ് ഗ്രൂപ്പ് ഡിയിൽ അടുത്തത്.