അടുത്തെങ്ങും ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇന്ത്യയുടേയും പാകിസ്താന്റേയും പല ക്രിക്കറ്റ് താരങ്ങളും ആരാധകരും ഇപ്പോഴും ഇന്ത്യ പാക് ക്രിക്കറ്റ് പോരാട്ടങ്ങളെ സ്വപ്‌നം കാണുന്നുണ്ട്. ഇന്ത്യയും പാകിസ്താനും കളിക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് യുവരാജ് സിംങും ഷഹീദ് അഫ്രീദിയും.
‘2004, 2006, 2008 വര്‍ഷങ്ങളില്‍ പാകിസ്താനുമായി കളിച്ച മത്സരങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ അത് എളുപ്പമല്ലെന്നറിയാം. അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കൈകളിലല്ല’ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന ടീമിലെ പ്രധാനിയായിരുന്ന യുവരാജ് സിംങ് സ്‌പോര്‍ട്‌സ് 360യോട് പറഞ്ഞു.
‘ഞങ്ങളെല്ലാം കളിയോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് ക്രിക്കറ്റ് കളിക്കുന്നത്. പക്ഷേ ആരായിരിക്കണം എതിരാളികളെന്ന് തീരുമാനിക്കാന്‍ കളിക്കാര്‍ക്ക് അവകാശമില്ല. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിച്ചാല്‍ അത് ക്രിക്കറ്റിന് തന്നെയാണ് ഗുണം’ എന്നും യുവി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദിയും ഇന്ത്യ പാക് ക്രിക്കറ്റ് മത്സരങ്ങള്‍ വരണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു.’ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര വന്നാല്‍ അത് ആഷസിനേക്കാള്‍ ജനപ്രീതിയുള്ളതാകും. പക്ഷേ അത് നടക്കുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ രാഷ്ട്രീയതീരുമാനങ്ങള്‍ മറികടന്നിരിക്കുന്നു. പഴയത് പലതും മറക്കണം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’ അഫ്രീദി പറയുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ 2013ന് ശേഷം ക്രിക്കറ്റ് പരമ്പരകള്‍ കളിച്ചിട്ടില്ല. അവസാനമായി ഇന്ത്യ പാകിസ്താന്‍ ടെസ്റ്റ് പരമ്പര നടന്നത് 2007ലായിരുന്നു.