Cricket Sports

രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി യുവരാജ് സിങ്; ഇനി…

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ യുവരാജ് സിങ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഐ.സി.സി അംഗീകൃത വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവരാജിന്റെ നീക്കം. ഇതിനായി താരം ബി.സി.സി.ഐയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് താരം അന്താരാഷ്ട്ര കരിയറിനോട് വിട പറയാനൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരത്തിന് ശ്രദ്ധേയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല. നാല് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളൂ. അതിലൊന്നില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയരുന്നെങ്കിലും പ്രതാഭ കാലത്തെ യുവിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നില്ല. ജിടി20 (കാനഡ), യൂറോ ടി20 (അയർലൻഡ്, ഹോളണ്ട്) എന്നിവിടങ്ങളിൽ നിന്നു യുവരാജിന് ക്ഷണമുണ്ട്. അടുത്തിടെ ഇർഫാൻ പത്താന്‍ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നേടിയിരുന്നു.

മഹേന്ദ്രസിങ് ധോണിക്കു കീഴിൽ 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്നു യുവരാജ്. ബ്രോഡിനെ ആറു സിക്സറുകള്‍ പായിച്ചതും 2007ലെ ടി20യിലായിരുന്നു. ഇന്ത്യക്കായി 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ടി20 മത്സരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. 2017ല്‍ വിന്‍ഡീസിനെതിരെ ആയിരുന്നു യുവരാജിനെ അവസാനമായി ഇന്ത്യയുടെ നീല ജേഴ്സിയില്‍ കണ്ടത്.