ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും നേരിടും.
കാര്‍ഡിഫില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3 നാണ് ശ്രീലങ്ക ന്യൂസിലാന്‍ഡ് മത്സരം. മുന്‍ ചാമ്പ്യന്‍മാരും 2007, 2011 ലേയും ഫൈനലിസ്റ്റുകളുമായ ശ്രീലങ്ക ഇന്ന് പഴയ പെരുമയുടെ പരിസരങ്ങളില്‍ പോലും ഇല്ല. പ്രമുഖ താരങ്ങള്‍ അരങ്ങൊഴിഞ്ഞശേഷം ഉണ്ടായ ശൂന്യതയില്‍ നിന്ന് ലങ്കന്‍ ടീം ഇതുവരെ കരകയറിയിട്ടില്ല. മറുവശത്ത് കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളും ഇത്തവണത്തെ ഫേവറിറ്റുകളില്‍ ഒന്നുമായാണ് ന്യൂസിലാന്‍ഡിന്റെ വരവ്. കെയിന്‍ വില്യംസണും റോസ് ടെയ്‍റും നയിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്, ഓപ്പണിങില്‍ വെടിക്കെട്ടിന് ഗപ്ട്ടില്ലുമുണ്ട്. മാച്ച് വിന്നര്‍മാരായ ഓള്‍ റൌണ്ടര്‍മാരും ട്രെന്റ് ബോള്‍ട്ട് , ടിം സൌത്തി സഖ്യം നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. ലസിത് മലിഗ, ആഞ്ചലോ മാത്യൂസ് എന്നീ പരിചയ സന്പന്നരും ഒരു പറ്റം യുവതാരങ്ങളും ഒന്നിക്കുന്ന ശ്രീലങ്ക വ്യക്തിഗത പ്രകടന മികവില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. അതിനാല്‍ തന്നെ മത്സരം വാശിയേറുമെന്ന് ഉറപ്പാണ്.
ബ്രിസ്റ്റോളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് അഫ്ഗാന്‍ ഓസ്ട്രേലിയ പോരാട്ടം. സമീപ കാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് കൈവരിച്ച പുരോഗതിയും ഓസീസ് ടീമിന്റെ പതര്‍ച്ചയും വിലയിരുത്തുമ്പോള്‍ മത്സരം ഏകപക്ഷീയമാകില്ലെന്ന് ഉറപ്പ്. അട്ടിമറി വീരന്‍മാരായ അഫ്ഗാന്‍ അത്ഭുതം കാട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിലക്കിന് ശേഷം ഡേവിഡ‍് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ഓസ്ട്രേലിയക്ക് വേണ്ടി ഇറങ്ങുന്നുവെന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇരുവരുടെയും സാന്നിധ്യം ഓസീസ് ബാറ്റിങ് നിരയുടെ ആഴം വര്‍ദ്ധിപ്പിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാമ്പ എന്നിവര്‍ ഒന്നിക്കുന്ന ബോളിങ് നിര ശക്തമാണ്. റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നീ സ്പിന്നര്‍മാരായിരിക്കും അഫ്ഗാനിസ്ഥാന്റെ കരുത്ത്. പരിശീലന മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയതും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.