Cricket Sports

വനിതാ പ്രീമിയർ ലീഗ് മാർച്ച് 4ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. വനിതാ ഐപിഎൽ നടക്കുന്ന വേദികളിലെല്ലാം ഐപിഎൽ മത്സരങ്ങളും ഉണ്ട്. ഫെബ്രുവരിയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ 26 വരെയാണ് ടി-20 ലോകകപ്പ്. ഇത് അവസാനിച്ചുകഴിഞ്ഞാവും വനിതാ പ്രീമിയർ ലീഗ്.

വനിതാ ഐപിഎലിൻ്റെ പ്രഥമ സീസണുള്ള ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആകെ അഞ്ച് ടീമുകളിൽ മൂന്നെണ്ണം നിലവിലെ ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹി ക്യാപിറ്റൽസ് ഉടമകളായ ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യവിൻ സ്പോർട്സ് എന്നീ കമ്പനികളാണ് വനിതാ ടീം സ്വന്തമാക്കിയ ഐപിഎൽ ഫ്രാഞ്ചൈസികൾ. അദാനി സ്പോർട്സ്‌ലൈൻ, കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് എന്നിവരാണ് മറ്റ് രണ്ട് ടീമുകളെ സ്വന്തമാക്കിയത്.

അഹ്‌മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ് സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.