ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തി ഐസിസി. വനിതാ ടി-20 ക്രിക്കറ്റ് ടൂർണമെൻ്റാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.
2022ൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി വനിതകൾ കളത്തിലിറങ്ങും. ഇംഗ്ലണ്ടിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ആതിഥേയർ എന്ന നിലയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിനോടകം ടൂർണമെന്റിൽ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് ടൂർണമെൻ്റിൽ ഉണ്ടാവുക. 2021 ഏപ്രിലിൽ ഐസിസി പുറത്തിറക്കുന്ന വനിതാ ടി-20 റാങ്ക് ലിസ്റ്റ് അനുസരിച്ച് ആദ്യ 6 സ്ഥാനങ്ങളിൽ ഉള്ളവർ നേരിട്ട് യോഗ്യത നേടും. മറ്റു രണ്ട് സ്ഥാനങ്ങളിലേക്കായി യോഗ്യതാ മത്സരങ്ങൾ കളിക്കണം.
2022 ജൂലായ് 28 മുതൽ ഓഗസ്റ്റ് 8 വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. ബർമിങ്‌ഹാമാണ് വേദി.
കോമൺവെൽത്ത് ഗെയിംസിൻ്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് മത്സര ഇനമായി ക്രിക്കറ്റ് ഇടം പിടിയ്ക്കുന്നത്. 1998ൽ ആദ്യമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയപ്പോൾ പുരുഷ ടീമുകളാണ് കളിച്ചത്. 50 ഓവർ മത്സരങ്ങളുടെ ടൂർണമെൻ്റിൽ 16 ടീമുകൾ ഏറ്റുമുട്ടി. ഫൈനലിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക കിരീടം ചൂടിയിരുന്നു.