ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ടി 20, ഏകദിന ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റസലിനേയും ബ്രാവോയേയും ഒഴിവാക്കിയാണ് ഇന്ത്യയിലേക്കുള്ള സംഘത്തെ വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വീതം മത്സരങ്ങളുള്ള ടി20 ഏകദിന പരമ്പര കളിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്.
ലോകകപ്പിനു ശേഷം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ചപ്രകടനം നടത്തിയിട്ടുള്ള ഓള് റൗണ്ടര്‍മാരായ ആന്ദ്രേ റസലിനേയും ഡ്വെന്‍ ബ്രാവോയേയും ഒഴിവാക്കിയാണ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ബ്രാവോ അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇരുവരുടേയും കാര്യത്തില്‍ സെലക്ടര്‍മാര്‍ താല്പര്യം കാണിച്ചില്ല. കീറണ്‍ പൊള്ളാര്‍ഡാണ് ഏകദിന ടി20 ടീമുകളെ നയിക്കുക.
നിലവിലെ ടി20 ലോകചാമ്പ്യന്മാരായ വിന്‍ഡീസ് ഇന്ത്യക്കെതിരായ പരമ്പര ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കം കൂടിയായാണ് കാണുന്നത്. ഡിസംബര്‍ ആറിന് ഹൈദരാബാദില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. രണ്ടാം ടി20 തിരുവനന്തപുരത്താണ് നടക്കുക. മലയാളി താരം സഞ്ജു സാംസണ് വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നിരുന്നു. എങ്കിലും സ്വന്തം നാട്ടില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.
വെസ്റ്റ് ഇന്‍ഡീസ് ടീം
ടി20: ഫാബിയന്‍ അലന്, ഷെല്‍ഡന്‍ കോര്ട്ട്നെല്, ഷിംറോണ്‍ ഹേറ്റ്മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ബ്രെയ്ഡന്‍ കിങ്, എവിന്‍ ലൂയിസ്, കീമോ പോള്‍, കാരി പിയറെ, കീറണ്‍ പൊള്ളാര്‍ഡ്(ക്യാ.), നിക്കോളസ് പുരാന്, രാംദിന്, ഷെര്ഫെയ്ല് റൂതര്‍ഫോര്‍ഡ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍, കെസ്രിക്ക് വില്ല്യംസ്.
ഏകദിനം: സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, കോര്ട്ട്നെല്, ഹേറ്റ്മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, എവിന്‍ ലൂയിസ്, കീമോ പോള്‍, കാറി പിയറെ, കീറണ്‍ പൊള്ളാര്‍ഡ് (ക്യാ.), നിക്കോളാസ് പുരാന്, റൊമാരിയോ ഷെഫേര്‍ഡ്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.