Cricket Sports

കോവിഡ് കാലത്തെ ക്രിക്കറ്റില്‍ ആദ്യ ജയവുമായി വെസ്റ്റ്ഇന്‍ഡീസ്; അതും ഇംഗ്ലണ്ടിനെ തോല്‍പിച്ച്‌

സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. കോവിഡിനും ലോക്ഡൗണിനും ഇടയില്‍ ക്രിക്കറ്റ് ലോകത്തെ ആദ്യ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. അതും കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്, 204-10, 313-10, വെസ്റ്റ് ഇന്‍ഡീസ്: 318-10, 200-6

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 204 റണ്‍സെടുക്കാനെ വിന്‍ഡീസ് അനുവദിച്ചുള്ളൂ. ആറു വിക്കറ്റ് വീഴ്ത്തിയ നായകന്‍ ജേസന്‍ ഹോള്‍ഡറാണ് ഇംഗ്ലണ്ടിനെ കശക്കിയത്. 43 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്കായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോര്‍. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് തിരിച്ചടിക്കാന്‍ നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. എന്നാല്‍ 65 റണ്‍സെടുത്ത ബ്രാത്ത്‌വെയിറ്റിന്റെയും 61 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിന്റെയും ബലത്തില്‍ നിര്‍ണായക ലീഡ് വിന്‍ഡീസ് സ്വന്തമാക്കി. 318 റണ്‍സാണ് വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

114 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിലയുറപ്പിക്കാന്‍ വിന്‍ഡീസ് ബൌളര്‍മാര്‍ അനുവദിച്ചില്ല. 313 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സിബ്ലി(50) ക്രാവ്‌ലി(76) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍മാര്‍. ഗബ്രിയേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. അവസാന ദിനമായ ഇന്നലെ 200 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തില്‍ തുടരെ വിക്കറ്റ് വീണെങ്കിലും ജര്‍മെയിന്‍ ബ്ലാക്ക്‌വുഡിന്റെ (95) ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. 37 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ് 20 റണ്‍സെടുത്ത ഡൗറിച്ച് എന്നിവരും പിന്തുണ കൊടുത്തു.