സ്വന്തം സംസ്ഥാനമായ ഡല്‍ഹിയില്‍ അത്രവെടിപ്പായല്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സ്വന്തം അനുഭവത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്…
ഇപ്പോള്‍ ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമായി നടത്തിയ വെബ് ചാറ്റിനിടെയായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍.
‘എന്റെ സ്വന്തം സംസ്ഥാനത്ത് ചിലപ്പോള്‍ കാര്യങ്ങള്‍ അത്ര വെടിപ്പായല്ല നടക്കുന്നത്. ഒരിക്കല്‍ നിയമാനുസൃതമല്ലാതെ ടീം തെരഞ്ഞെടുപ്പ് നടത്തിയതിനും സാക്ഷിയായി. നിങ്ങളുടെ മകന് പ്രതിഭയുണ്ടെങ്കിലും ടീമിലെത്തണമെങ്കില്‍ ‘എക്‌സ്ട്രാ’ നല്‍കണമെന്നാണ് ഒരാള്‍ എന്റെ പിതാവിനോട് പറഞ്ഞത്’ കോഹ്‌ലി വെളിപ്പെടുത്തി.
സാധാരണക്കാരനും സത്യസന്ധനുമായ കോഹ്‌ലിയുടെ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘വിരാടിനെ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം മതി. കൂടുതലായൊന്നും ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.’ അഭിഭാഷകന്‍ കൂടിയായ പിതാവ് കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് കോഹ്‌ലിക്ക് ഡല്‍ഹി ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചില്ല.
അന്ന് അസാധാരണ പ്രകടനങ്ങളിലൂടെ മാത്രമേ തനിക്ക് ഉയരങ്ങളിലെത്താനാകൂ എന്ന് താന്‍ മനസിലാക്കിയെന്നും കോഹ്‌ലി പറയുന്നു. വാക്കുകള്‍കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് പിതാവ് തനിക്ക് വഴികാട്ടിയായത്. ഇത്തരത്തിലുള്ള ചെറിയ ചെറിയ പല സംഭവങ്ങളുമാണ് തന്നെ പരുവപ്പെടുത്തിയത്.
2006ല്‍ പതിനെട്ടാംവയസില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് കോഹ്‌ലിക്ക് പിതാവിനെ നഷ്ടമാകുന്നത്. കര്‍ണ്ണാടകക്കെതിരായ നിര്‍ണ്ണായക മത്സരമായിരുന്നു അത്. രാത്രിയില്‍ പിതാവിന്റെ മരണം നടന്നതിന്റെ പിറ്റേന്ന് രാവിലെ കോഹ്‌ലി രഞ്ജി കളിക്കാന്‍പോയി.
‘അദ്ദേഹത്തിന്റെ മരണം ഞാന്‍ ഉള്‍ക്കൊണ്ട് കരിയറില്‍ മുന്നോട്ട് പോകാനായിരുന്നു തീരുമാനം. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന ബോധ്യമുണ്ടായത് പിതാവിന്റെ മരണശേഷമാണ്. അദ്ദേഹം അര്‍ഹിച്ചിരുന്ന ഒരു വിശ്രമജീവിതം എനിക്ക് നല്‍കാനായില്ല. അക്കാര്യം ചിന്തിക്കുമ്പോള്‍ ഇപ്പോഴും വൈകാരികമായിപോകും’ കോഹ്‌ലി പറയുന്നു.