Cricket Sports

സഞ്ജുവിന്റെ വരവ് പന്തിന് ഭീഷണിയെന്ന് വി.വി.എസ് ലക്ഷ്മണ്‍

സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഋഷഭ് പന്തിന് സാധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പന്തിന് ഇതിന് സാധിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നും ലക്ഷ്മണ്‍. സഞ്ജുവിനെ ടി20 ടീമിലെടുത്തത് പന്തിനുള്ള സെലക്ടര്‍മാരുടെ മുന്നറിയിപ്പാണെന്നും ലക്ഷ്മണ്‍.

‘സഞ്ജു സാംസണെ ടീമിലെടുക്കുക വഴി സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും പന്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നിരവധി അവസരങ്ങളാണ് പന്തിന് ലഭിച്ചത്. സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിന് അനുസരിച്ച് കളിക്കാന്‍ പന്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ആ വിശ്വാസത്തിനനുസരിച്ച് കളിക്കാന്‍ പലപ്പോഴും പന്തിന് സാധിച്ചിട്ടില്ല’ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ലക്ഷ്മണ്‍ പറഞ്ഞു.

ഞാന്‍ ഇപ്പോഴും കരുതുന്നത് കളി എപ്പോഴും സ്വന്തം ടീമിന് അനുകൂലമാക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് പന്ത് എന്നാണ്. തന്റെ ദിവസങ്ങളില്‍ എത്ര നല്ല പന്തും ഗാലറിയിലേക്ക് പറത്താന്‍ കഴിവുള്ളയാള്‍. ഇത്രയേറെ അവസരങ്ങള്‍ ലഭിച്ചിട്ടും കാര്യമായി പ്രകടനം നടത്താന്‍ സാധിക്കാത്തത് പന്തിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ആ സമ്മര്‍ദത്തിലായിരിക്കും അയാള്‍ കളിക്കാനിറങ്ങുക’ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്നു പന്ത്. പരിക്ക് ഭേദമായി വൃദ്ധിമാന്‍ സാഹ എത്തിയതോടെ ടെസ്റ്റിലെ സ്ഥാനം നഷ്ടമായി. സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടര്‍ന്ന് പരിമിത ഓവര്‍ മത്സരങ്ങളിലെ സ്ഥാനവും ഉറപ്പില്ലാതായിട്ടുണ്ട്. ഫോമിലല്ലാത്ത പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനെതിരെ വിമര്‍ശങ്ങളും ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പന്തിന് തന്നെയാണ് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള സാധ്യത. എന്നാല്‍ സഞ്ജു സാംസണേയും വെറ്ററന്‍ താരം ധോണിയേയും തള്ളിക്കളയാനാകില്ല. ഐ.പി.എല്‍ ലക്ഷ്യമിട്ടാണ് ധോണി ഇടവേളയെടുത്തിരിക്കുന്നതെന്ന് കരുതുന്നതായി ലക്ഷ്മണ്‍ സൂചിപ്പിച്ചു.

‘എം.എസ് ഐ.പി.എല്ലിനായുള്ള പരിശീലനത്തിലാണെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ക്യാപ്റ്റനായി ഈ സീസണിലും മികച്ച പ്രകടനം തന്നെയാകും അദ്ദേഹം ലക്ഷ്യമിടുന്നത്. പന്ത് മോശം ഫോം തുടരുകയും സഞ്ജു സാസണ് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാതെയും വന്നാല്‍ ഐ.പി.എല്ലിന് ശേഷം ധോണിക്കായിരിക്കും സാധ്യത. രണ്ട് യുവതാരങ്ങളും അവസരം മുതലാക്കിയില്ലെങ്കില്‍ ധോണിയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കീപ്പര്‍’ എന്നും ലക്ഷ്മണ്‍ വിലയിരുത്തുന്നു.