ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇത്തവണ എല്ലാ ടീമും വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്നും അതിനെ നേരിടാന്‍ ടീം സജ്ജമാണെന്നും നായകന് കോഹ്ലിയും പരിശീലകന് രവി ശാസ്ത്രിയും പറഞ്ഞു.
തന്റെ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന വിരാട് കോഹ്ലി ഇത്തവണ നായകന്റെ റോളിലാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ നയിക്കുന്നതും കോഹ്ലി തന്നെ. പക്ഷെ താന്‍ കളിച്ച മുന്‍ ലോകകപ്പുകളേക്കാന് വെല്ലുവിളി നിറഞ്ഞതാണ് ഇത്തവണത്തേതെന്ന് വാര്‍ത്താസമ്മേളനത്തിനിടെ കോഹ്ലി വ്യക്തമാക്കിയിരുന്നു.
എല്ലാ ടീമും മികച്ച ഫോമിലാണെന്നത് തന്നെ പ്രധാന കാരണം. ബാറ്റിങ്ങിലും ബൌളിങ്ങിലും ടീം സജ്ജമാണെന്നായിരുന്നു പരിശീലകന് രവി ശാസ്ത്രി പറഞ്ഞത്. പരിചയസന്പന്നരായ നിര ഇന്ത്യക്കുണ്ട്. ഇംഗ്ലീഷ് പിച്ചില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനാകുമെന്ന് തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഷമിയും ബൂംറയും ഭുവനേശ്വറും ഉള്‍പ്പടെുന്ന ബൌളിങ് നിരയും ശക്തം. കോഹ്ലിയുണ്ടെങ്കിലും ധോണിയുടെ സാന്നിധ്യം ടീമിന് മുതല്‍കൂട്ടാകും. പരിക്ക് മാറി കേദാര്‍ ജാദവും തിരിച്ചെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.