Cricket Sports

കോഹ്ലി വന്നു സോഷ്യല്‍മീഡിയയില്‍ ധോണിയും സച്ചിനും വഴിമാറി

കളിയില്‍ മാത്രമല്ല ആരാധക പിന്തുണയിലും തിളങ്ങി നില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. പുതുതമലമുറ ആരാധകരില്‍ ധോണിയേക്കാളും ഇതിഹാസ താരം സച്ചിനേക്കാളും മുന്നിലാണ് കോഹ്‌ലി. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന പെരുമയും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു.


ഫേസ്ബുക്ക്(37.1 മില്യണ്‍), ട്വിറ്റര്‍ (29.4 മില്യണ്‍), ഇന്‍സ്റ്റഗ്രാം(33.5 മില്യണ്‍) എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കണക്കിലെടുത്താണ് 100 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കോഹ്‌ലി മറികടന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഒരാള്‍ക്ക് ആദ്യമായാണ് ഈ നേട്ടം സ്വന്തമാകുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രോത്സാഹനങ്ങള്‍ മാത്രമല്ല ഇടക്കിടക്ക് ട്രോളുകളും കോഹ്‌ലി ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ അത്തരം ട്രോളുകളും അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ.

ഇംഗ്ലണ്ട് ലോകകപ്പിന് രണ്ട് ആഴ്ച്ച മാത്രം ശേഷിക്കെ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ നായകനായ വിരാട് കോഹ്ലിയില്‍ നിന്നാണ് തുടങ്ങുന്നത്. ടൂര്‍ണ്ണമെന്റില്‍ കോഹ്‌ലിയുടെ ഫോം നിര്‍ണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ലോക ഒന്നാം നമ്പറായ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ടീമെന്ന നിലയില്‍ ആര്‍.സി.ബിക്ക് മുന്നോട്ടു പോകാന്‍ പോയിരുന്നില്ല.