Cricket Sports

വിജയ് ഹസാരെ: ഗ്രൂപ്പിൽ ഒന്നാമത് കേരളം; പക്ഷേ, ക്വാർട്ടർ കളിക്കുക രണ്ടാമതുള്ള മുംബൈ; കാരണമറിയാം

വിജയ് ഹസാരെ ട്രോഫിയിൽ കേരളം എ ഗ്രൂപ്പിലായിരുന്നു. ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചും വിജയിച്ച കേരളം നെറ്റ് റൺ റേറ്റിൻ്റെ കൂടി അടിസ്ഥാനത്തിൽ ഒന്നാമതാണ്. 5 ജയം തന്നെയുണ്ടെങ്കിലും നെറ്റ് റൺ റേറ്റ് മോശമായതിനാൽ മുംബൈ രണ്ടാമതായിരുന്നു. ആകെ അഞ്ച് ടീമുകളിൽ ആദ്യ സ്ഥാനത്തെത്തുന്നവർ നേരിട്ട് ക്വാർട്ടറിലും രണ്ടാമതെത്തുന്നവർ പ്രീ ക്വാർട്ടറിലുമാണ് കളിക്കുക. എന്നാൽ, ബിസിസിഐ നോക്കൗട്ട് മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളം പ്രീ ക്വാർട്ടറിലും മുംബൈ നേരിട്ട് ക്വാർട്ടറിലും.

വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പിലെ സ്ഥാനം നിർണയിക്കുന്നത് നെറ്റ് റൺ റേറ്റ് കൂടി പരിഗണിച്ചാണെങ്കിലും ഒരേ പോയിൻ്റുള്ള രണ്ട് ടീമുകളുടെ നോക്കൗട്ടിലേക്കുള്ള പ്രവേശനം പരസ്പരം ഏറ്റുമുട്ടുമ്പോൾ ആര് വിജയിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. ഗ്രൂപ്പിൽ കേരളം തോറ്റ രണ്ട് കളികളിൽ ഒന്ന് മുംബൈക്കെതിരെ ആയിരുന്നു. അതുകൊണ്ട് തന്നെ കേരളം ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തെങ്കിലും കേരളത്തെ ഗ്രൂപ്പ് ഘട്ടത്തിൽ തോല്പിച്ച മുംബൈ ക്വാർട്ടറിൽ കടന്നു.

പ്രീക്വാർട്ടറിൽ കേരളം ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ മഹാരാഷ്ട്രയെ ആണ് നേരിടുക. ഈ മാസം 9നാണ് മത്സരം. റെയിൽവേയ്സിനെതിരായ അവസാന കളിയിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിനരികെ എത്തിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ട സഞ്ജു ദേശീയ ടീമിനൊപ്പം യാത്ര തിരിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ രോഹൻ കുന്നുമ്മലോ സച്ചിൻ ബേബിയോ ആവും കേരള ടീമിനെ പ്രീ ക്വാർട്ടറിൽ നയിക്കുക. എന്നാൽ, ഡിസംബർ 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത് എന്നതിനാൽ ഈ മത്സരം സഞ്ജു കളിക്കാനും ഇടയുണ്ട്.

റെയിൽവേയ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽ‌വേസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് തോൽവി വഴങ്ങുകയായിരുന്നു.

139 പന്തുകൾ നേരിട്ട സഞ്ജു 128 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ആറ് സിക്സുകളും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയാണ് സഞ്ജുവിന്റെ മികച്ച പ്രകടനം. സഞ്ജു ക്രീസിലെത്തുമ്പോൾ 8.5 ഓവറിൽ മൂന്നിന് 26 എന്ന പരിതാപകരമായ നിലയിലായിരുന്നു കേരളം. തുടർന്ന് ഒറ്റക്ക് പൊരുതിയ താരം കേരളത്തെ വിജയത്തിനരികെ എത്തിച്ച്, അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങുന്നത്.

ൻനിരയ്ക്കു ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതാണ് കേരളത്തിനു തിരിച്ചടിയായത്. രോഹൻ എസ്. കുന്നുമ്മൽ (പൂജ്യം), സച്ചിൻ ബേബി (19 പന്തിൽ ഒൻപത്), സൽമാൻ നിസാർ (ഒൻപതു പന്തിൽ രണ്ട്) എന്നീ പ്രധാന താരങ്ങൾ നിരാശപ്പെടുത്തി. ഓപ്പണർ കൃഷ്ണ പ്രസാദ് 51 പന്തിൽ 29 റൺസെടുത്തു പുറത്തായി. സഞ്ജുവിനൊപ്പം 63 പന്തുകളിൽനിന്ന് 53 റൺസെടുത്ത ശ്രേയാസ് അയ്യരും തിളങ്ങി.