Cricket Sports

വേദി മാറ്റണം, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് വെല്ലുവിളി: മൈക്ക് ഹസി

ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ഇന്ത്യയിലുണ്ടായിരുന്ന ഹസി, കോവിഡ് ഭേദമായ ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് മുന്‍ ആസ്‌ത്രേലിയന്‍ താരം മൈക്കള്‍ ഹസി. ഇന്ത്യക്ക് പകരം മറ്റു രാജ്യങ്ങളെ വേദിക്കായി പരിഗണിക്കാവുന്നതാണെന്നും ഹസി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ടി20 നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം കുതിച്ചുയുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പരമ്പര നടത്തുന്നത് വെല്ലുവിളിയായിരിക്കും. പരമ്പര നടക്കുന്നത് വിവിധ നഗരങ്ങളിലെ വേദിയില്‍ ആയതിനാല്‍ അപകട സാധ്യത കൂടുമെന്നും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനായിരുന്ന താരം പറഞ്ഞു. പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ഇന്ത്യയിലുണ്ടായിരുന്ന ഹസി, കോവിഡ് ഭേദമായ ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് ആസ്‌ത്രേലിയില്‍ തിരിച്ചെത്തിയത്.

ഇന്ത്യക്ക് പകരം യു.എ.ഇയില്‍ ലോകകപ്പ് നടത്തുന്നത് ആലോചിക്കാവുന്നതാണെന്നും ഹസി കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിനായി അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, ന്യു ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, ധര്‍മശാല, ലക്‌നൗ എന്നിവിടങ്ങളിലാണ് വേദി തീരുമാനിച്ചിരുന്നത്. അതിനിടെ കോവിഡ് സാഹചര്യത്തില്‍, ലോകകപ്പിനെ കുറിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രത്യേക വിര്‍ച്വല്‍ യോഗം ചേരാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഐ.സി.സി യോഗത്തിന് മുമ്പ് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗം ചേരുന്നത്.