Cricket

‘ഫോമിലല്ലെങ്കിൽ വിശ്രമം അനുവദിക്കുന്നത് നല്ല രീതിയില്ല’; വിമർശിച്ച് വെങ്കിടേഷ് പ്രസാദ്

ഫോമിലല്ലാത്ത താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് നല്ല രീതിയല്ലെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടാൽ പുറത്തിരുത്തുകയാണ് വേണ്ടതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കിടേഷ് പ്രസാദ് താരങ്ങൾക്കും ബിസിസിഐക്കുമെതിരെ ആഞ്ഞടിച്ചത്.

‘നിങ്ങൾ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാ​ഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ ടീമിന് പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മികച്ച ഫോം വീണ്ടെടുത്താണ് അവരെല്ലാം തിരിച്ചെത്തിയത്. ഇപ്പോ‌ൾ അതൊക്കെ മാറി. രാജ്യത്ത് മികച്ച താരങ്ങൾ വളരെയേറെയുണ്ട്. ഇത്തരം നയം കാരണം അവർക്കു കളിക്കാനാകുന്നില്ല. ഇന്ത്യൻ താരം അനിൽ കുംബ്ലെ പല തവണ ഇങ്ങനെ പുറത്തിരുന്നിട്ടുണ്ട്’-. പ്രസാദ് പറഞ്ഞു.

അതേസമയം, ദീപക് ഹൂഡയ്ക്ക് പകരം ഇംഗ്ലണ്ടിനെതിരെ ശ്രേയാസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ദീപക് ഹൂഡയെ പോലുള്ള മികച്ച ബാറ്റ്സ്മാൻമാർ പുറത്തിരിക്കുമ്പോൾ എങ്ങനെയാണ് ശ്രേയസ് അയ്യർ ടി20 ടീമിൽ കളിക്കുന്നതെന്നു മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 17 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനേ സാധിച്ചുള്ളൂ. 55 പന്തുകളിൽ 117 റൺസുമായി തൻ്റെ ടി-20 കരിയറിലെ ആദ്യ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ഇന്ത്യക്കുവേണ്ടി പൊരുതിയെങ്കിലും വിജലയക്ഷ്യം മറികടക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാൽ ഇന്ത്യ പരമ്പര നേടി.