Cricket

‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ

ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് എംഎസ് ധോണി ട്വിറ്ററിൽ ട്രെൻഡിങായത്. ഈ മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ഋഷഭ് പന്തിൻ്റെ മോശം പ്രകടനങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് രണ്ട് റോളുകളും വർഷങ്ങളോളം നിറഞ്ഞാടിയ ധോണിയെ ആരാധകർ ഓർമിക്കുന്നത്. സംഗീതസംവിധായകൻ തമൻ അടക്കമുള്ളവർ ധോണിയെപ്പറ്റി ട്വീറ്റ് ചെയ്തു. 

57 ടി-20 മത്സരങ്ങൾ കളിച്ച ഋഷഭ് ആകെ നേടിയത് 914 റൺസാണ്. ശരാശരി 23. സ്ട്രൈക്ക് റേറ്റ് 126. ടെസ്റ്റിലും ഒരു പരിധി വരെ ഏകദിനത്തിലും നടത്തുന്ന പ്രകടനങ്ങൾ പന്തിന് ടി-20യിൽ ആവർത്തിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ഏറെക്കാലമായി ശക്തമാണ്. ഏകദിനത്തിൽ പോലും പന്ത് ഈ വർഷമാണ് തൻ്റെ ആദ്യ സെഞ്ചുറി നേടിയത്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ പന്തിനു പകരം ദിനേശ് കാർത്തിക് ആണ് കളിച്ചത്. ഹോങ്കോങിനെതിരായ അടുത്ത മത്സരത്തിൽ ഹാർദികിനു വിശ്രമം നൽകിയപ്പോൾ പന്ത് ടീമിലെത്തി. ആ കളി പന്ത് ബാറ്റ് ചെയ്തില്ല. പാകിസ്താനെതിരെ 12 പന്തുകളിൽ 14 റൺസും ശ്രീലങ്കക്കെതിരെ 13 പന്തുകളിൽ 17 റൺസുമാണ് പന്ത് നേടിയത്. ഇന്നലെ ശ്രീലങ്കക്കെതിരെ വിക്കറ്റിനു പിന്നിലും പന്ത് മോശം പ്രകടനമാണ് നടത്തിയത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും ഡബിൾ ഓടിയാണ് ശ്രീലങ്ക കളി ജയിച്ചത്. ഈ സമയത്ത് ഗ്ലൗ പോലും ഊരാതെ നിൽക്കുകയായിരുന്ന പന്ത് വിക്കറ്റിൽ എറിഞ്ഞെങ്കിലും കൊള്ളിക്കാൻ സാധിച്ചില്ല.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ടീം സെലക്ഷനും രോഹിതിൻ്റെ ക്യാപ്റ്റൻസിയും വിമർശിക്കപ്പെടുകയാണ്. കാർത്തികിനു പകരം ഹൂഡയെ ഫിനിഷർ ആക്കിയതും ബാക്കപ്പ് പേസർമാരില്ലാതെ ഇറങ്ങിയതുമൊക്കെ ചോദ്യം ചെയ്യപ്പെട്ടു. രണ്ട് ലെഗ് സ്പിന്നർമാരുമായി പാകിസ്താനെതിരെ ഇറങ്ങിയ ഇന്ത്യ ആ കളിയിൽ മികച്ച പ്രകടനം നടത്തിയ ബിഷ്ണോയിയെ പുറത്തിരുത്തി ശ്രീലങ്കക്കെതിരെ അശ്വിനെ ടീമിലെത്തിച്ചു. ഇതും വിമർശന വിധേയമായി. ജഡേജയ്ക്ക് പകരം ടീമിലെടുത്ത ഹൂഡ ഒരു ഓവർ പോലും എറിയാത്തതും ഭുവനേശ്വർ കുമാറിൻ്റെയും അർഷ്ദീപ് സിംഗിൻ്റെയും ഓവറുകൾ കൃത്യമായി വിതരണം ചെയ്യാത്തതുമൊക്കെ രോഹിതിൻ്റെ ക്യാപ്റ്റൻസിയെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കും കാരണമായി. ഈ അവസരത്തിലാണ് ട്വിറ്റർ ധോണിയെ ഓർമിക്കുന്നത്. ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനങ്ങളും ട്വിറ്ററിൽ ഉയരുന്നുണ്ട്.