Cricket

കിരൺ പ്രഭു നവഗിരെ!; തോൽവിയിലും തല ഉയർത്തി വെലോസിറ്റി

വനിതാ ടി-20 ചലഞ്ചിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിനു ജയം. 16 റൺസിനാണ് സ്മൃതിയും സംഘവും വിജയിച്ചത്. 191 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെലോസിറ്റിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ. 69 റൺസെടുത്ത കിരൺ നവഗിരെ വെലോസിറ്റിയുടെ ടോപ്പ് സ്കോററായി.

191 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ വെലോസിറ്റിക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമ്മയും യസ്തിക ഭാട്ടിയയും ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 15 പന്തുകളിൽ 19 റൺസെടുത്ത യസ്തികയെ പുറത്താക്കിയ സൽമ ഖാത്തൂൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ആ വിക്കറ്റ് വഴിത്തിരിവായി.

അടുത്തിടെ സമാപിച്ച ആഭ്യന്തര വനിതാ ടി-20 ടൂർണമെൻ്റിൽ അസാമാന്യ പ്രകടനങ്ങൾ നടത്തിയ നാഗാലാൻഡ് ബാറ്റർ കിരൺ നവഗിരെയാണ് മൂന്നാം നമ്പറിൽ ക്രീസിലെത്തിയത്. വെലോസിറ്റിയുടെ കഴിഞ്ഞ മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, ഇന്ന് മൂന്നാം നമ്പറിലെത്തിയ നവഗിരെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടി നയം വ്യക്തമാക്കി. പിന്നീട് നവഗിരെയുടെ ഒരു ബാറ്റിംഗ് മാസ്റ്റർ ക്ലാസ് ആയിരുന്നു. ഇതിനിടെ 15 പന്തുകളിൽ 29 റൺസെടുത്ത വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ രാജേശ്വരി ഗെയ്ക്‌വാദിനു വിക്കറ്റ് സമ്മാനിച്ചുമടങ്ങി. എന്നാൽ ഇത് നവഗിരെയെ തളർത്തിയില്ല. പേസർമാരെയും സ്പിന്നർമാരെയും ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും പായിച്ച 27കാരി വെറും 25 പന്തിൽ അർധസെഞ്ചുറി തികച്ചു. വനിതാ ടി-20 ചലഞ്ചിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണിത്. വെലോസിറ്റി താരം ഷഫാലി വർമ 30 പന്തിൽ നേടിയ ഫിഫ്റ്റിയാണ് തൻ്റെ ആദ്യ മത്സരത്തിൽ തന്നെ നവഗിരെ തിരുത്തിയത്.

ഇതിനിടെ ലോറ വോൾവാർട്ട് (17), ദീപ്തി ശർമ്മ (2), സ്നേഹ് റാണ (11) എന്നിവരുടെ വിക്കറ്റ് വെലോസിറ്റിക്ക് നഷ്ടമായി. വെലോസിറ്റിയെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കവെ നവഗിരെയും മടങ്ങി. സോഫിയ ഡങ്ക്‌ലിയാണ് നവഗിരെയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 34 പന്തുകളിൽ 5 വീതം ബൗണ്ടറിയും സിക്സറും സഹിതം 69 റൺസെടുത്താണ് താരം മടങ്ങിയത്. ഈ വിക്കറ്റോടെ ട്രെയിൽബ്ലേസേഴ്സ് ജയം ഉറപ്പിച്ചു. രാധ യാദവ് (2), സിംറാൻ ബഹാദൂർ (12), കേറ്റ് ക്രോസ് (6) എന്നിവർ വേഗം പുറത്തായി.

പരാജയപ്പെട്ടെങ്കിലും വെലോസിറ്റി ഫൈനലിൽ പ്രവേശിച്ചു. ഇന്ന് 158 റൺസ് നേടിയാൽ വെലോസിറ്റി ഫൈനൽ യോഗ്യത നേടുമായിരുന്നു. വെലോസിറ്റിയും സൂപ്പർനോവാസും തമ്മിലാണ് ഫൈനൽ.