ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 108 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടങ്ങിയ കോഹ്‍ലിയുടെ സുന്ദരമായ ഇന്നിംങ്സിനാണ് അഡ്‌ലയ്ഡ് സാക്ഷ്യം വഹിച്ചത്. കോഹ്‍ലിയുടെ മാസ്മരിക കരിയറിലെ 39ാമത്തെ ഏകദിന സെഞ്ചറിയാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ പിറന്നിരിക്കുന്നത്. 43 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 25 റണ്ണുമായി മഹേന്ദ്രസിങ് ധോണിയും ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 37 പന്തില്‍ നിന്നും 56 റണ്‍സ് മാത്രമാണ് വേണ്ടത്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാട്ടി റായുഡു (36 പന്തില്‍ 24), വിരാട് കോഹ്‍ലി ( 112 പന്തില്‍ 104) എന്നിവരാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ കോഹ്‍ലി–റായിഡു സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആസ്‌ട്രേലിയയ്ക്കായി ബെഹ്‌റന്‍ഡ്രോഫ്, സ്‌റ്റോയ്‌നിസ്, മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ധവാന്‍–രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റിങ് ആരംഭിച്ച ഇവരുടെ സഖ്യം ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ത്തടിച്ചു മുന്നേറിയ ധവാനെ ഖ്വാജയുടെ കൈകളിലെത്തിച്ച് ബെഹ്‌റെന്‍ഡ്രോഫാണ് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 28 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 32 റണ്‍സോടെയാണ് ധവാന്‍ മടങ്ങിയത്.
നേരത്തെ ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറിക്കരുത്തില്‍ അഡ്‌ലയ്ഡ് ഏകദിനത്തില്‍ ആസ്‌ട്രേലിയ അടിച്ചെടുത്തത് 298. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ആസ്‌ട്രേലിയ 298 റണ്‍സെടുത്തത്. 123 പന്തില്‍ നിന്ന് പതിനൊന്ന് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 131 റണ്‍സാണ് മാര്‍ഷ് നേടിയത്. ഈ പരമ്പരയില്‍ തന്നെ ഒരു ആസ്‌ട്രേലിയന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചില്ല. 26 റണ്‍സെടുക്കുന്നതിനിടയ്ക്ക് ഓപ്പണര്‍മാരെ ഇന്ത്യ മടക്കി. ആരോണ്‍ ഫിഞ്ച്(6)ഒരിക്കല്‍ കൂടി ഭുവനേശ്വറിന് മുന്നില്‍ വീണപ്പോള്‍ 18 റണ്‍സെടുത്ത അലക്‌സ് കാരിയെ ഷമി ധവാന്റെ കൈകളിലെത്തിച്ചു. പിന്നീട് പിറന്ന കൂട്ടുകെട്ടുകളാണ് ആസ്‌ട്രേലിയക്ക് അടിത്തറ ലഭിച്ചത്. ഉസ്മാന്‍ ഖവാജ(21) പീറ്റര്‍ ഹാന്‍ഡ്‌സകോമ്പ്(20) മാര്‍ക്കസ് സ്റ്റോയിനിസ്(29) എന്നിവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകളിലൂടെ ടീം സ്‌കോര്‍ ചലിപ്പിക്കാനായി. എന്നാല്‍ മാക്‌സ് വല്‍ ക്രീസിലെത്തിയതോടെ കംഗാരുപ്പടയുടെ സ്‌കോറിങ് വേഗത കൂടി.