Cricket

Commonwealth Games 2022 കൊവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിൽ; വിവാദം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. കലാശപ്പോരിൽ 9 റൺസിനു കാലിടറിയ ഇന്ത്യക്ക് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ ഓസീസ് ടീമിനായി കളത്തിലിറങ്ങിയ ഒരു താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു എന്ന വിവരം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കൊവിഡ് ബാധിതയായിട്ടും കലാശപ്പോരിൽ പാഡ് കെട്ടിയത്. കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് താരം കളിക്കാനിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനു മുൻപ് ടീം അംഗങ്ങളുമായി ഇടപഴകാതെ ഒറ്റക്കാണ് മഗ്രാത്ത് ഇരുന്നത്.

മത്സരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ താരം 2 ഓവറിൽ 24 റൺസ് വഴങ്ങുകയും ചെയ്തു.

ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു. 43 പന്തുകളിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗ്സും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ചുനിന്നത്.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.