Cricket

ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ

ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി.

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. സമ്മർദ്ദത്തിൽ പാത്തും നിസങ്ക (21 പന്തിൽ 14) വേഗം പുറത്തായി. ധനഞ്ജയ ഡിസിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും കുശാൽ മെൻഡിസും ചേർന്ന് 60 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്ക (30 പന്തിൽ 31 റൺസ്) പുറത്തായതിനു പിന്നാലെ കുശാൽ മെൻഡിസ് 34 പന്തുകളിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം അവസാന ഓവറുകളിൽ മെൻഡിസ് നടത്തിയ കൂറ്റനടികളാണ് ശ്രീലങ്കയെ 160 കടത്തിയത്. ഭാനുക രജപക്സെയും (13 പന്തിൽ 19) മികച്ചുനിന്നു. 44 പന്തുകളിൽ 79 റൺസെടുത്ത മെൻഡിസ് അവസാന ഓവറിൽ പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ നെതർലൻഡിനും മോശം തുടക്കമാണ് ലഭിച്ചത്. 7 റൺസ് മാത്രം നേടിയ വിക്രംജിത്ത് സിംഗ് 4ആം ഓവറിൽ പുറത്തായതിനു പിന്നാലെ തുടർച്ചയായ ഇടവേളകളിൽ നെതർലൻഡിനു വിക്കറ്റ് നഷ്ടമായി. നെതർലൻഡിൻ്റെ 6 താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. സ്കോട്ട് എഡ്വാർഡ്സ് (15 പന്തിൽ 21), ബസ് ഡെ ലീഡ് (10 പന്തിൽ 14) എന്നിവർ ഭേദപ്പെട്ടുനിന്നപ്പോൾ 53 പന്തുകളിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന ഓപ്പണർ മാക്സ് ഒഡോവ്ഡ് ആണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ.

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പർ 12ൽ എത്തി. ഇന്ന് യുഎഇക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ ശ്രീലങ്കയ്ക്കൊപ്പം നമീബിയ അടുത്ത റൗണ്ടിലെത്തും.