ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്.
യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് എതിർപ്പില്ല. മത്സരക്രമം ഉടൻ അറിയിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി.
ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂൺ 28 വരെയാണ് സമയം നീട്ടി നൽകിയിരുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ടൂർണമെൻ്റ് നടത്താൻ ഐസിസിക്ക് താൽപര്യമില്ലെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാൽ, യുഎഇയിലെ വേദികൾ ലോകകപ്പ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാൻ വേണ്ടിയാണ് ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിൽ വന്നത്. ഒമാനിലെ മസ്കറ്റ് ആണ് ഇതിനായി ഐസിസി പരിഗണിക്കുന്നത്. ആദ്യഘട്ട മത്സരങ്ങൾ ഒമാനിൽ നടക്കും. തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവടങ്ങളിലാകും യുഎഇയിലെ മത്സരങ്ങൾ.