Cricket

ടി-20 ലോകകപ്പിലേക്ക് ഇനി 100 ദിവസം; കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി

ടി-20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുത്തു.

13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമനി, ഘാന, ഇൻഡോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ആദ്യമായാണ് ടി-20 ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുക.

ഒക്ടോബർ 16നാണ് ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം പാകിസ്താനും ഇതേ ഗ്രൂപ്പിലാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.