Cricket Sports

സുരേഷ് റെയ്‌നയും ഹര്‍ഭജനും ചെന്നൈ ടീമില്‍ നിന്ന് പുറത്തേക്ക്

ദുബായ്: സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ് എന്നിവരുമായി കരാര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രണ്ടു താരങ്ങളുടെയും പേരുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ വെബ്‌സൈറ്റില്‍നിന്നും നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ ചെന്നൈ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്‌ന ടീം ക്യാംപ് വിട്ടിരുന്നു. ഹര്‍ഭജനും അവസാനനിമിഷം ടീമില്‍ നിന്ന് പിന്മാറുകയായിരുന്നു.

ടീമിലേക്ക് തിരികെ വരാന്‍ റെയ്‌ന ശ്രമിക്കുന്നതിനിടെയാണ് ടീം മാനേജ്‌മെന്റ് കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്. താരങ്ങള്‍ കളിക്കുന്നുണ്ടെങ്കില്‍ മാത്രം പ്രതിഫലം നല്‍കിയാല്‍ മതിയെന്നും അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായാണ് സൂചന. കരാര്‍ പ്രകാരം റെയ്‌നയ്ക്ക് ഒരു വര്‍ഷം 11 കോടി രൂപയാണു ലഭിച്ചിരുന്നത്. ഹര്‍ഭജന്‍ സിങ്ങിന് ഒരു വര്‍ഷം രണ്ട് കോടിയും ലഭിച്ചിരുന്നു.ഫ്രാഞ്ചൈസി കരാര്‍ റദ്ദാക്കിയതോടെ രണ്ടു താരങ്ങളും ഔദ്യോഗികമായി തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമല്ലാതായിരിക്കുകയാണ്.