Cricket

ഏഷ്യാ കപ്പ്: ഇന്ത്യ-പാക്ക് പോരാട്ടത്തിന് മാത്രം റിസർവ് ദിനം; വിചിത്രമായ പ്രസ്താവനയുമായി ശ്രീലങ്കയും ബംഗ്ലാദേശും


കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് സൂപ്പർ 4 പോരാട്ടത്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റിസർവ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബദ്ധവൈരികളുടെ പോരാട്ടത്തിന് മഴ ഭീഷണിയാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

എല്ലാ സൂപ്പർ 4 മത്സരങ്ങളും കൊളംബോയിൽ നടക്കുമ്പോൾ, ഒരു മത്സരത്തിന് മാത്രമായി എങ്ങനെ റിസർവ് ഡേ അനുവദിക്കുമെന്ന ചോദ്യവുമായി മറ്റ് ടീമുകളുടെ ആരാധകർ അടക്കം രംഗത്തെത്തി. എന്നാൽ ഇപ്പോൾ തങ്ങളുടെ ആരാധകരെ പോലും അത്ഭുതപ്പെടുത്തി വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ശ്രീല ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ. പക്ഷപാതിത്വപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനു പകരം ഇരു ബോർഡുകൾ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യ പരിശീലകർ പോലും വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ വിശദീകരണം.

‘പ്ലെയിങ് കണ്ടിഷൻ കണക്കിലെടുത്ത് ഇന്ത്യ പാകിസ്താൻ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചത്. നാല് ടീമുകളുടെയും എസിസിയുടെയും സമ്മതത്തോടെയാണ് തീരുമാനം’ – ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു.

നാളെയാണ് ബദ്ധവൈരികളുടെ പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ചിരവൈരികളുടെ പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരുന്നു.