Cricket

സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം; പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി അർദ്ധ സെഞ്ച്വറി. 48 പന്തിൽ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറ്റേ അറ്റത്ത് നായകൻ ശിഖര്‍ ധവാന്‍ പാറപോലെ നിലകൊണ്ടു. ധവാന്‍ 66 പന്തില്‍ അഞ്ച് സിക്‌സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി പഞ്ചാബ് കിംഗ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.

ധവാനെ കൂടാതെ സാം കറന് മാത്രമേ ഇരട്ട സംഖ്യ തൊടാൻ കഴിഞ്ഞുള്ളൂ. സാം കരൺ 22 റൺസ് നേടി. മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡേ നാലും ഉമ്രാൻ മാലിക്കും മാർക്കോ ജാൻസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് 17.1 ഓവറിൽ രണ്ട് വിക്കറ്റിന് 145 റൺസ് നേടി. സൺറൈസേഴ്സിനായി രാഹുൽ ത്രിപാഠി അർധസെഞ്ചുറി നേടി. 48 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടെ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 21 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ത്രിപാഠിയും മാർക്രവും സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ടു. മായങ്ക് അഗർവാൾ 21 റൺസെടുത്ത് പുറത്തായപ്പോൾ ഹാരി ബ്രൂക്ക് 14 പന്തിൽ 13 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.