ശ്രീലങ്കക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ഇന്ന് കൊളംബോയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിൻ്റെ കൂറ്റൻ ജയം കുറിച്ചാണ് പ്രോട്ടീസ് പരമ്പര ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 14.4 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. ക്വിൻ്റൺ ഡികോക്ക് (59), രീസ ഹെൻറിക്ക്സ് (56) എന്നിവർ പുറത്താവാതെ നിന്നു. (south africa whitewash srilanka)
കുശാൽ പെരേരയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് കൂറ്റൻ ഷോട്ടുകളോടെയാണ് ശ്രീലങ്കൻ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ, രണ്ടാം ഓവറിൽ ഫെർണാണ്ടോ (12) പുറത്തായി. പിന്നീട് ശ്രീലങ്കയ്ക്ക് വേഗം വിക്കറ്റുകൾ നഷ്ടമായി. ധനഞ്ജയ ഡിസിൽവ (1), ഭാനുക രാജപക്സ (5), കമിന്ദു മെൻഡിസ് (10) എന്നിവരൊക്കെ വേഗം മടങ്ങി. 39 റൺസെടുത്ത കുശാൽ പെരേര ടോപ്പ് സ്കോറർ ആയപ്പോൾ 9ആമനായി ക്രീസിലെത്തിയ ചമിക കരുണരത്നെയുടെ ബാറ്റിംഗാണ് (24 നോട്ടൗട്ട്) ശ്രീലങ്കയെ 120 കടത്തിയത്. ക്യാപ്റ്റൻ ദാസുൻ ഷനക 18 റൺസെടുത്തു.
കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക നഷ്ടങ്ങളൊന്നുമില്ലാതെ വിജയിച്ചു. ശ്രീലങ്കയുടെ സുപ്രധാന ബൗളറായ വനിന്ദു ഹസരങ്ക 4 ഓവറിൽ 35 റൺസ് വഴങ്ങി.
രണ്ടാമത്തെ മത്സരത്തിൽ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം വലിയ ആശ്വാസം നൽകും.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക പോസിറ്റീവായാണ് കളിയെ സമീപിച്ചത്. പവർ പ്ലേ അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു. പിന്നീട് ബാറ്റിംഗ് തകർച്ച നേരിട്ടതോടെ 18.1 ഓവറിൽ 103 റൺസിന് ശ്രീലങ്ക ഓൾ ഔട്ട്. 3 വിക്കറ്റ് വീതം വീഴ്ത്തിയ തബ്രൈസ് ഷംസിയും എയ്ഡൻ മാർക്രവും ചേർന്നാണ് ശ്രീലങ്കയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയിലാണ് തുടങ്ങിയത്. ക്വിൻ്റൺ ഡികോക്ക് ആക്രമിച്ച് കളിച്ചു. ആദ്യ വിക്കറ്റിൽ റീസ ഹെൻറിക്സുമായിച്ചേർന്ന് 62 റൺസിൻ്റെ കൂട്ടുകെട്ടിൽ മുൻ ക്യാപ്റ്റൻ പങ്കാളിയായി. 9ആം ഓവറിൽ ഹെൻറിക്സ് പുറത്തായെങ്കിലും മാർക്രവും ഡികോക്കും ചേർന്ന് ദക്ഷിണാഫ്രിക്കയെ സുരക്ഷിതമായി വിജയത്തിലെത്തിക്കുകയായിരുന്നു. 58 റൺസ് നേടി പുറത്താവാതെ നിന്ന ഡികോക്ക് ആണ് ടോപ്പ് സ്കോറർ. എയ്ഡൻ മാർക്രം 21 റൺസെടുത്ത് പുറത്താവാതെ നിന്നു.