ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. പ്രധാന താരങ്ങൾ ടി-20 ലോകകപ്പിനായി യാത്ര തിരിച്ചതിനാൽ രണ്ടാം നിര ടീമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ലക്നൗ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും.
ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ധവാനൊപ്പം ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ തുടങ്ങി ഒരുപിടി ഓപ്പണർമാരുള്ളതുകൊണ്ട് തന്നെ ഇവരിൽ എല്ലാവരും കളിച്ചേക്കില്ല. ധവാൻ, ഗിൽ എന്നിവരാവും ഓപ്പണിംഗിൽ ഇറങ്ങുക. മൂന്നാം നമ്പറിൽ ശ്രേയാസും നാലാം നമ്പറിൽ സഞ്ജുവും ഇറങ്ങിയേക്കും. അതല്ലെങ്കിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ത്രിപാഠി/പാടിദാർ/ഗെയ്ക്വാദ്, ശ്രേയാസ്, സഞ്ജു എന്നിവർ യഥാക്രമം കളിക്കാനും സാധ്യതയുണ്ട്. ഗെയ്ക്വാദിനെ ഓപ്പണിംഗിലേക്ക് മാറ്റി ഗിൽ മൂന്നാം നമ്പറിൽ കളിക്കാനും ഇടയുണ്ട്. ഷഹബാസ് അഹ്‌മദ്, ശാർദുൽ താക്കൂർ എന്നിവർ ഓൾറൗണ്ടർമാരായി ടീമിലെത്തുമ്പോൾ ദീപക് ചഹാർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ എന്നിവരാവും പേസർമാർ. രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവരിൽ ഒരാളാവും ടീമിലെത്തുക.
ശക്തമായ ടീമിനെയാണ് ദക്ഷിണാഫ്രിക്ക അണിനിരത്തിയിരിക്കുന്നത്. ടെംബ ബാവുമ ക്യാപ്റ്റനാവുമ്പോൾ ക്വിൻ്റൺ ഡികോക്ക്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, കഗീസോ റബാഡ, തബ്രൈസ് ഷംസി, ആൻറിച്ച് നോർക്കിയ തുടങ്ങിയ സുപ്രധാന താരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ടീമിനെതിരെ ഇന്ത്യക്ക് പരമ്പര നേടാനായാൽ അത് വലിയ നേട്ടമാവും.