Cricket Sports

റണ്‍വേട്ടയില്‍ കൊഹ്‍ലിയെ പിന്നിലാക്കി സ്മൃതി മന്ദാന

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി വനിതാ ടീമിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സ്മൃതി ഈ നാഴികക്കല്ലില്‍ മുത്തമിട്ടത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 194 റണ്‍സിന് ഓള്‍ഔട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ജെമീന റൊഡ്രിഗസിന്റെയും സ്മൃതി മന്ദാനയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ആറു വിക്കറ്റ് ജയം സ്വന്തമാക്കിയത്. 63 പന്തില്‍ നിന്ന് മൂന്നു സിക്സറിന്റെയും 9 ബൌണ്ടറികളുടെയും അകമ്പടിയോടെ 74 റണ്‍സാണ് മന്ദാന അടിച്ചുകൂട്ടിയത്. 51 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതി മന്ദാന 2000 റണ്‍സിലെത്തിയത്. ഇതോടെ ബെലിൻഡ ക്ലാർക്കും മെഗ് ലാനിംഗിനും പിന്നില്‍ വേഗമേറിയ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡിലേക്കെത്തി. 51 ഏകദിനങ്ങളിൽ ഇതുവരെ 43.08 ശരാശരിയിൽ 2,025 റൺസ് മന്ദാന നേടിയിട്ടുണ്ട്. ഏകദിന കരിയറിൽ ഇതുവരെ നാല് സെഞ്ച്വറികളും 17 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 48 ഇന്നിങ്സുകളില്‍ നിന്ന് 2000 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് സ്മൃതിക്ക് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം.

നവജോത് സിദ്ധു (52), സൗരവ് ഗാംഗുലി (52), വിരാട് കൊഹ്‌ലി (53) എന്നിവരാണ് പുരുഷ ടീമിലെ മറ്റു റണ്‍വേട്ടക്കാര്‍. വേഗമേറിയ 2,000 ഏകദിന റൺസ് നേടിയ വനിതാ താരം എന്ന റെക്കോർഡ് ആസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ പേരിലാണ്. 41 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അവർ ഈ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണ് വേഗമേറിയ 2,000 ഏകദിന റണ്‍സ് നേടിയ റെക്കോര്‍ഡിന് ഉടമ. 40 ഇന്നിംഗ്‌സുകളിൽ നിന്നാണ് അംല ഈ നാഴികക്കല്ലില്‍ എത്തിയത്.