പ്രായം കൂടും തോറും തന്റെ മികവിന് തെല്ലും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഭാജിയായ ഹർഭജൻ സിംഗ്. പൂർവാധികം ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ഹർഭജനെയാണ് ഇന്നും കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആസ്ത്രേലിയൻ സൂപ്പർ പേസർ ബ്രറ്റ് ലീ.
ഡൽഹി ക്യാപിറ്റൽസിനെതിരെ ഏറ്റവും ഒടുവിലായി നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുത ‘ടർബണേറ്റർ’, ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ മുപ്പത്തിയെട്ടുക്കാരൻ.
ഓരോ ബാറ്റ്സ്മാനേയും നോക്കി പ്രത്യേകം ബൗൾ ചെയ്യാൻ കഴിവുള്ളയാളാണ് ഹർഭജൻ എന്ന് പറഞ്ഞ ലീ, പന്തിൻ മേൽ അദ്ദേഹം ചെയ്യുന്ന അത്ഭുതം താൻ ഏറെ ഇഷ്ടപ്പെടുന്നതായും കൂട്ടിച്ചേർത്തു. ഡൽഹിക്കെതിരെ ശിഖർ ധവാനെയും (18) റൂഥർഫോഡിനെയും (10) പുറത്താക്കിയാണ് ഹർഭജൻ 150 ക്ലബിൽ കയറിയത്.
ഇതുവരെയായി 10 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകളാണ് താരം കെെക്കലാക്കിയിരിക്കുന്നത്. ഒരു ദശാബ്ദക്കാലം നീലക്കുപ്പായത്തിൽ കളിച്ച ഹർഭജൻ സിംഗ്, 417 ടെസ്റ്റ് വിക്കറ്റുകളും, 269 ഏകദിന വിക്കറ്റുകളും നേടിയതിന് പുറമെ, രണ്ട് ടെസ്റ്റ് സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.