Cricket Sports

27കാരന്‍ അമിര്‍ വിരമിച്ചു, പാക് ക്രിക്കറ്റില്‍ സംഭവിക്കുന്നത് മനസിലാകുന്നില്ലെന്ന് അക്തര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ തീരുമാനത്തിനെതിരെ മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. 27ആം വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ അമിര്‍ തീരുമാനിച്ചതിനെ പമ്പര വിഡ്ഢിത്തമെന്നാണ് അക്തര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് മുഹമ്മദ് അമിര്‍ പ്രഖ്യാപിച്ചത്.

പാക് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കമാണ് മുഹമ്മദ് അമിറിന്റെ വിരമിക്കലിലേക്ക് നയിച്ചതെന്ന വിവാദങ്ങള്‍ പുകയുമ്പോഴാണ് അക്തറിന്റെ അഭിപ്രായ പ്രകടനം. സ്വന്തം യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. 27 വയസുള്ള അമിര്‍ വിരമിച്ചിരിക്കുന്നു. അദ്ദേഹത്തിന് പിന്നാലെ വഹാബ് റിയാസും ജുനൈദ് ഖാനും ഹസന്‍ അലിയുമൊക്കെ വിരമിക്കട്ടെയെന്ന് അക്തര്‍ രോഷത്തോടെ പറയുന്നു.

‘പാക് ക്രിക്കറ്റിലെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ യുവതാരങ്ങളെല്ലാം ടി20 ക്രിക്കറ്റില്‍ കളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച യുവതാരമായ മുഹമ്മദ് അമിര്‍, ഈയവസരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടെന്നറിയാനാകുന്നില്ല. തന്റെ മുകളില്‍ അര്‍പിച്ച വിശ്വാസത്തിന് ടീമിന് തിരിച്ചു പ്രതിഫലം നല്‍കേണ്ട സമയത്താണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. ഞാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലുണ്ടെങ്കില്‍ ടീമിലെ കളിക്കാരെ ടി20 ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ല’ അക്തര്‍ തുറന്നടിക്കുന്നു.

അവസാനം കളിച്ച ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാല് വിക്കറ്റുകള്‍ അമിര്‍ വീഴ്ത്തിയിരുന്നു. ആകെ കളിച്ച 36 ടെസ്റ്റുകളില്‍ നിന്നും 119 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത വര്‍ഷം ആസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതെന്ന സൂചനയും ഇടംകയ്യന്‍ പേസ് ബൗളര്‍ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റു വീഴ്ത്തി പാക് ബൗളിംങിലെ പ്രധാനിയായും മുഹമ്മദ് അമിര്‍ മാറിയിരുന്നു.