Cricket

അല്പം ഭാരം കുറച്ചാൽ ഋഷഭ് പന്തിന് മോഡലാകാൻ കഴിയും: ഷൊഐബ് അക്തർ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിൻ്റെ പ്രതികരണം.

“ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരം വിജയിച്ച് ഒറ്റക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം നേടിക്കൊടുത്തു. പക്ഷേ, അയാൾക്ക് അല്പം ഭാരക്കൂടുതലുണ്ട്. അയാൾ അത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണ്. അയാൾക്ക് ഒരു മോഡലാവാൻ കഴിയും. കോടികൾ നേടാം. കാരണം, ഇന്ത്യയിൽ ഒരാൾ സൂപ്പർ സ്റ്റാർ ആയാൽ അയാളിൽ ഒരുപാട് നിക്ഷേപങ്ങളുണ്ടാവും.”- അക്തർ പറഞ്ഞു.

ഇന്ത്യൻ ടീം നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എത്തിയാൽ അത് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം അരുൺ ലാൽ അഭിപ്രായപ്പെട്ടിരുന്നു. രോഹിതിനു ശേഷം പന്താണ് ക്യാപ്റ്റനാവേണ്ടതെന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ ക്യാപ്റ്റൻ കളിക്കാൻ ഇറങ്ങണമെന്നും അരുൺ ലാൽ പറഞ്ഞു. ജാഗ്രൻ ടിവിയോട് സംസാരിക്കവെയാണ് അരുൺ ലാൽ മനസുതുറന്നത്.

“ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ കളിക്കാൻ ക്യാപ്റ്റന് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു. ഋഷഭ് പന്തിനു ഭയമില്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുണ്ട്. ദുഷ്കരമായ സന്ദർഭങ്ങളിൽ നിന്ന് ടീമിനെ രക്ഷിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. അങ്ങനെ ഒരു താരത്തിന് മികച്ച നായകനാവാനാവും. പന്തിനെപ്പോലെ ആക്രമണോത്സുക ബാറ്റർ ക്യാപ്റ്റനായാൽ ഇന്ത്യൻ ക്രിക്കറ്റിന് അത് ഗുണം ചെയ്യും.”- അരുൺ ലാൽ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ 5 മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലെ കന്നിസെഞ്ചുറി നേടിയ ഋഷഭ് പന്ത് (125 റൺസ് നോട്ടൗട്ട്), ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഹാർദിക്ക് പാണ്ഡ്യ (71) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക് ബൗളിംഗിലും തിളങ്ങിയിരുന്നു.