കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്സ്മാന്മാര്ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി.
ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും ബാറ്റിംങ് തുടര്‍ന്നെങ്കിലും ബൗളിംങിനെത്തിയില്ല. പകരം തയ്ജുള്‍ ഇസ്ലാമാണ് ടീമിലെത്തിയത്.
നയീം നേരിട്ട മൂന്നാം പന്തിലാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കേറ്റത്. ഉടന്‍ തന്നെ കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഫിസിയോ ക്രീസിലെത്തി നയീമിനെ പരിശോധിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിളിച്ചതുപ്രകാരമായിരുന്നു ഫിസിയോ നിതിന്‍ പട്ടേല്‍ നയീമിനെ പരിശോധിക്കാനെത്തിയത്. ഇന്ത്യയുടെ ഈ നീക്കം ഗാലറിയിലും പുറത്തും കയ്യടി നേടി.
ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് ഇന്ത്യന്‍ പേസര്‍മാര്‍ ഒറ്റക്കാണ് തകര്‍ത്തത്. ഇശാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റും ഉമേഷ് യാദവ് മൂന്നും ഷമി രണ്ടും വിക്കറ്റുകളുമാണ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജക്ക് വെറും ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്.