Cricket Sports

പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം; പുരസ്കാരാർഹരായി ഷഹീൻ അഫ്രീദിയും സ്മൃതി മന്ദനയും

പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇക്കൊല്ലത്തെ ഐസിസി പുരസ്കാരങ്ങളിൽ പാകിസ്താൻ വ്യക്തമായ മേധാവിത്വമാണ് പുലർത്തുന്നത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. (shaheen afridi smriti mandhana)

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 38.86 ശരാശരിയിൽ 855 റൺസാണ് മന്ദന നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി അടക്കം സ്മൃതി തകർപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ വർഷം കുറിച്ചത്.

2021 ഐസിസി ടീമുകളിലും ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവാണ്. ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട്. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്.

ടെസ്റ്റ് ടീമിൽ ഓപ്പണർ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ടീം നായകൻ. ശ്രീലങ്കയുടെ ദിമുത് കരുണത്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), വില്ല്യംസൺ, ഫവാദ് ആലം (പാകിസ്താൻ) എന്നീ താരങ്ങളാണ് യഥാക്രമം മൂന്ന് മുതൽ 6 വരെ സ്ഥാനങ്ങളിൽ. കെയിൽ ജമീസൺ (ന്യൂസീലൻഡ്), ഹസൻ അലി (പാകിസ്താൻ), ഷഹീൻ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് ടീമിലെ പേസർമാർ. ഏകദിന ടീമിനെയും ടി-20 ടീമിനെയും പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും.