Cricket Sports

ഇംഗ്ലണ്ടോ ആസ്ട്രേലിയയോ? രണ്ടാം സെമി ഇന്ന്

ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. വൈകീട്ട് മൂന്ന് മണിക്ക് ബെര്‍മിങ്ങാമിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. കന്നി കിരീടം തേടിയുള്ള യാത്രയിലാണ് ഇംഗ്ലണ്ട്. ആസ്ത്രേലിയയാവട്ടെ കിരീടം കൈവിടാതിരിക്കാനുള്ള തയ്യാറെടുപ്പിലും. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ഓസീസ് രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.

മൂന്ന് മത്സരം തോറ്റ ഇംഗ്ലീഷുകാര്‍ തൊട്ടുപിന്നില്‍ മൂന്നാമതായും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം കങ്കാരുക്കള്‍ക്കൊപ്പം. പ്രമുഖ താരങ്ങളുടെ പരിക്ക് ആസ്ട്രേലിയക്ക് വെല്ലുവിളിയാണ്. പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് പകരം ഇന്ന് പീറ്റന്‍ ഹാന്‍ഡ്സ്കൊംപ് ലോകകപ്പില്‍ അരങ്ങേറും. സ്റ്റോയിനിസും കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. മറുവശത്ത് സമ്മര്‍ദ്ദ ഘട്ടത്തില്‍ അവസാന രണ്ട് മത്സരവും ജയിച്ചാണ് ആതിഥേയര്‍ സെമിയുറപ്പിച്ചത്.

റൂട്ടും ബെയര്‍സ്റ്റോയും സ്റ്റോക്സും അടങ്ങുന്ന ബാറ്റിങ് നിര ശക്തം. ബൗളിങില്‍ സ്റ്റാര്‍ക്കിന് മറുപടി നല്‍കാന്‍ ആര്‍ച്ചറും മാര്‍ക് വുഡും, കരുത്തില്‍ തുല്യ ശക്തര്‍. ബെര്‍മിങ്ങാമില്‍ ഇംഗ്ലീഷ് പരീക്ഷ ഓസീസ് പാസാകുമോയെന്ന് കാത്തിരുന്ന് കാണാം.