വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. പരമ്പര സ്വന്തമാക്കിയതിനാല്‍ അടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാനാവുമെന്ന് കോഹ്‌ലി പറഞ്ഞു.
രണ്ടാം ടി20യില്‍ അവസാനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത രവീന്ദ്ര ജഡേജ-ക്രുണാല്‍ പാണ്ഡ്യ സഖ്യത്തെയും കോഹ്‌ലി പ്രശംസിച്ചു. ഓവറുകള്‍ പിന്നിടുമ്പോഴും പിച്ച് സ്ലോ ആയി മാറിയത് സ്കോറിങിനെ ബാധിച്ചു, അല്ലെങ്കില്‍ ടീം സ്‌കോര്‍ 180 കടന്നേനെയെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അതേസമയം മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചിരുന്നുവെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ മധ്യനിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മനീഷ് പാണ്ഡെയും റിഷബ് പന്തും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു.
ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനത്തെ നായകന്‍ പുകഴ്ത്തി.13 പന്തില്‍ 23 റണ്‍സാണ് ക്രുണാല്‍ അടിച്ചെടുത്തത്. 3.3 ഓവര്‍ എറിഞ്ഞ താരം 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 168 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ എത്തുകയായിരുന്നു.