Cricket Sports

“സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്”; മത്സര ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് സ്‌കോട്ട്‌ലൻഡ് താരങ്ങൾ

ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് സ്‌കോട്ട്‌ലൻഡ് താരങ്ങൾ. ഡ്രസ്സിംഗ് റൂം സന്ദർശിക്കാനുള്ള സ്‌കോട്ട്‌ലൻഡ് താരങ്ങളുടെ ആഗ്രഹം ടീം ഇന്ത്യ നിറവേറ്റുകയായിരുന്നു. മെന്റർ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കോട്ട്‌ലൻഡ് കളിക്കാരെ ഡ്രസ്സിംഗ് റൂമിലേക്ക് സ്വാഗതം ചെയ്തത്.

ടീം ഇന്ത്യയിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാനും, നിലവിലെ ടീമിനെ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം സഹായിച്ചു എന്ന് സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സർ പറഞ്ഞു. ഇതിനായി സമയം കണ്ടെത്തിയ കോലിയോടും സംഘത്തോടും വലിയ ബഹുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോക ക്രിക്കറ്റിന്റെ മികച്ച അംബാസഡർമാരാണ് ടീം ഇന്ത്യ. കഴിവുറ്റ നായകന്മാരിൽ നിന്ന് ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ലഭിക്കുന്ന അവസരം ഉപയോഗിക്കും. കോലിയോ, കെയ്ൻ വില്യംസണോ, റാഷിദ് ഖാനോ ആകട്ടെ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാൻ കിട്ടുന്ന സമയം ഞങ്ങൾ പാഴാക്കില്ല”- കെയ്ൽ കോറ്റ്സർ പറഞ്ഞു.

ബിസിസിഐ പങ്കുവെച്ച വിഡിയോയിൽ ധോണി അടക്കമുള്ള താരങ്ങൾ സ്കോട്ട്‌ലൻഡ് കളിക്കാരുമായി സംസാരിക്കുന്നത് കാണാം. ആദ്യമായാണ് സ്കോട്ട്ലാന്‍ഡ് ലോകകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്കോട്ട്ലാന്‍ഡ് പുറത്തെടുത്തത്.

https://twitter.com/i/status/1456847577010167811