Cricket

ഇംഗ്ലണ്ടിനെതിരെ സഞ്ജു കളിച്ചേക്കില്ല; സാധ്യതാ ഇലവൻ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര ഇന്ന് മുതൽ ആരംഭിക്കുകയാണ്. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച അതേ താരങ്ങളാണ് ആദ്യ ടി-20യിൽ ഇന്ത്യക്കായി കളിക്കുക. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, സഞ്ജു ഇന്ന് കളിക്കാനിടയില്ലെന്നാണ് സൂചന.

മൂന്ന്, നാല് നമ്പരുകളിലാണ് സഞ്ജു സാധാരണ കളിക്കാറുള്ളതെങ്കിലും അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ താരം ഓപ്പണറായാണ് കളിച്ചത്. ഋതുരാജ് ഗെയ്ക്‌വാദിനു പരുക്കേറ്റതുകൊണ്ട് മാത്രം ലഭിച്ച ഈ അവസരം 77 റൺസടിച്ച് സഞ്ജു മുതലാക്കുകയും ചെയ്തു. പിന്നീട് ടീം ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരത്തിൽ കളിച്ചു. രണ്ട് മത്സരങ്ങളിലും സഞ്ജു ഓപ്പണറായി. ആദ്യ കളി 30 പന്തിൽ 38 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ രണ്ടാമത്തെ കളിയിൽ ഗോൾഡൻ ഡക്കായി. ഈ ഗോൾഡൻ ഡക്കിലാണ് സഞ്ജു പുറത്തിരിക്കാനുള്ള സാധ്യത.

ക്യാപ്റ്റൻ രോഹിത് ശർമ തിരികെവരുമ്പോൾ സ്വാഭാവികമായും ഓപ്പണിംഗിലെ ഒരു സ്ലോട്ടിൽ അദ്ദേഹം ഇറങ്ങും. സ്പെഷ്യലിസ്റ്റ് ഓപ്പണർമാരായ ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർ നിൽക്കെ സഞ്ജുവിന് ഓപ്പണിംഗിലേക്ക് തീരെ സാധ്യതയില്ല. സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കാരണം കിഷന് തന്നെ നറുക്ക് വീഴും.

ഓപ്പണിംഗ് മാറ്റിനിർത്തിയാൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് പിന്നീട് സഞ്ജുവിൻ്റെ സാധ്യതകൾ. എന്നാൽ, അയർലൻഡിനെതിരെ ഒരു സെഞ്ചുറി അടക്കം പ്ലയർ ഓഫ് ദി സീരീസ് ആവുകയും കളിച്ച ഒരു പരിശീലന മത്സരത്തിൽ ഫിഫ്റ്റിയടിക്കുകയും ചെയ്ത ദീപക് ഹൂഡയ്ക്ക് മൂന്നാം സ്ഥാനത്തിൽ വെല്ലുവിളി ഉയർത്താൻ തത്കാലം സഞ്ജുവിനു കഴിയില്ല. നാലാം നമ്പരിൽ സൂര്യകുമാർ യാദവ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇന്ത്യ സ്വീകരിക്കില്ല. ലോകകപ്പ് മുന്നൊരുക്കങ്ങൾ നടക്കുന്നതിനാൽ ഓസ്ട്രേലിയയിലേക്ക് ഏറെക്കുറെ ടിക്കറ്റ് ഉറപ്പിച്ച സൂര്യ ദീർഘകാലത്തേക്ക് ഇന്ത്യയുടെ നാലാം നമ്പർ ഉറപ്പിച്ചുകഴിഞ്ഞു. അഞ്ചാം നമ്പരിൽ ഹാർദ്ദിക്കും ആറാം നമ്പരിൽ കാർത്തികും ഇറങ്ങുന്ന ലൈനപ്പിൽ സഞ്ജുവിന് ഇടംലഭിക്കൽ ഏറെ ബുദ്ധിമുട്ടാവും.

ആദ്യ ടി-20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: Rohit Sharma, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal