ഐപിഎൽ 2023ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും നേടാതെ പുറത്തായി. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസും നേടിയിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ പ്രകടന മികവ് പിന്നീട് ആവർത്തിക്കാനാവാതെ പോയ സഞ്ജു മൂന്നും നാലും മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി.
മൂന്നാം മത്സരത്തിൽ 4 പന്ത് നേരിട്ട താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ചെന്നെ സൂപ്പർ കിംഗ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സഞ്ജു പൂജ്യത്തിന് മടങ്ങി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലാണ് രാജസ്ഥാൻ. സഞ്ജുവിന് പുറമേ ദേവദത്ത് പടിക്കലും ജെയ്സ്വാളുമാണ് പുറത്തായത്.
രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണർ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ ഐപിഎല്ലിൽ 3000 റൺസ് തികച്ചു. 85 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാന്റെ വിശ്വസ്ത ബാറ്റർ 3000 റൺസ് ക്ലബിൽ ഇടം നേടിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 10 പന്തിൽ 17 റൺസ് നേടിയപ്പോഴാണ് 3000 റൺസെന്ന നാഴികക്കല്ല് താരം മറികടന്നത്. 75 ഇന്നിംഗ്സുകളിൽ നിന്ന് 3000 തികച്ച ഗെയിലിനും 80 ഇന്നിംഗ്സുകളിൽ നിന്ന് 3000 തൊട്ട ഇന്ത്യൻ താരം കെ.എൽ രാഹുലിനും തൊട്ട് പിന്നിലായി ഇടം പിടിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടൻ.
കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം തന്നെയാണ് ഇംഗ്ലണ്ട് ടി 20 നായകൻ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും ജോസ് ബട്ട്ലർ തന്നെയായിരുന്നു. 863 റൺസാണ് 2022 സീസണിൽ ജോസേട്ടൻ അടിച്ചു കൂട്ടിയത്.