തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഴിമതിയെ കുറിച്ച് ബി.സി.സി.ഐ അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തേയും ഒത്തുകളിക്കാര്‍ സമീപിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഈ വര്‍ഷം ആദ്യം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് രണ്ടു പേര്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ബി.സി.സി.ഐയെ താരം അറിയിച്ചത്‍.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ടീമിലെ വനിതാ ക്രിക്കറ്റ് കളിക്കാരിലൊരാളോട് ഒത്തുകളിക്ക് വേണ്ടി ഇവര്‍ സമീപിച്ചെന്നാണ് എഫ്.ഐ.ആർ. കേസിലെ ഒരു പ്രതിയുമായി നടത്തിയ സംഭാഷണം ടെലിഫോണിലൂടെ റെക്കോർഡു ചെയ്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരിൽ ഒരാൾ സ്പോർട്സ് മാനേജർ എന്ന നിലയിൽ ക്രിക്കറ്റ് താരവുമായി ബന്ധപ്പെടുകയും പിന്നീട് മത്സരങ്ങൾ ഒത്തുകളിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.
ഒത്തുകളിക്കായി ഒരു വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്കാര്‍ സമീപിക്കുന്ന ആദ്യത്തെ സംഭവമാണിത്. ക്രിക്കറ്റ് താരങ്ങൾക്കായി ബി.സി.സി.ഐയുടെ 24 മണിക്കൂർ ഹെൽപ്പ് ലൈനുണ്ട്.