വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. നിലവില്‍ ഇന്ത്യയ്ക്കു വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്ത്. 1095 റണ്‍സുമായി രഹാനെയാണ് മുന്നില്‍.