ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ നേടിയത്. ലോകകപ്പിലെ മൂന്നാമത്തെയും കരിയറിലെ 24ാമത്തെയും ശതകമാണിത്. കെ.എല്‍ രാഹുലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടും പാകിസ്താനെതിരെ രോഹിത് കുറിച്ചു.
ധവാന്‍റെ പകരക്കാരനായി എത്തിയ രാഹുല്‍ താളം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു ഉപനായകന്‍. സ്കോര്‍ബോര്‍ഡ് തുറന്നത് പന്ത് അതിര്‍ത്തി കടത്തി, 34 പന്തില്‍ അര്‍ധ സെഞ്ച്വറി. 85ാം പന്തില്‍ രോഹിത് മൂന്നക്കം കടന്നു. 39ാം ഓവറില്‍ രോഹിതില്‍ നിന്നും കൂടുതല്‍ ശിക്ഷയേറ്റുവാങ്ങിയ ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കുമ്പോള്‍ 113 പന്തില്‍ 140 റണ്‍സ്. 3 പന്തുകളാണ് ആകാശം കണ്ടത്. പതിനാല് വട്ടം പന്ത് ബൗണ്ടറി ലൈനില്‍ തൊട്ടു.
ഇതോടെ 319 റണ്‍സുമായി ലോകകപ്പിലെ റണ്‍വേട്ടയില്‍ രോഹിത് രണ്ടാമതെത്തി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു. ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രോഹിതിന്റെ അക്കൗണ്ടിലുണ്ട്.