തന്റെ സ്വപ്‌നം സാക്ഷാത്കാരിച്ചതിന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ക്കും റയല്‍മാഡ്രിഡിനും നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസികോ മത്സരം കാണാന്‍ ലാലിഗ അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് രോഹിത്ത് ശര്‍മ്മയും കുടുംബവും മാഡ്രിഡിലെത്തിയത്. സാന്റിയാഗോ ബെര്‍ണ്ണബൂവില്‍ നടന്ന മത്സരം റയല്‍ 2-0ത്തിന് ജയിക്കുകയും ചെയ്തു.
കാല്‍വണ്ണയിലേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത്ത് ശര്‍മ്മ. ഈ ഇടവേളക്കിടെയാണ് എല്‍ ക്ലാസികോ കാണാന്‍ രോഹിത് ശര്‍മ്മയും ഭാര്യയും കുഞ്ഞു സമെയ്‌റയും മാഡ്രിഡില്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തിന് മുമ്പ് മത്സരം കാണാനെത്തിയ വിവരം രോഹിത്ത് ശര്‍മ്മ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
2019ഡിസംബറിലായിരുന്നു എല്‍ ക്ലാസികോയോടും ലാ ലിഗയോടുമുള്ള ഇഷ്ടം രോഹിത്ത് ശര്‍മ്മ ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ ലാലിഗ തന്നെ രോഹിത്തിന്റെ ഇന്ത്യയിലെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തെ ലാലിഗ ബ്രാന്‍ഡ് അംബാസിഡറാക്കുകയായിരുന്നു. രോഹിത് ശര്‍മ്മ എല്‍ ക്ലാസികോ കാണാനെത്തിയ വിവരം ലാ ലിഗ ഒഫീഷ്യല്‍ പേജിലും പങ്കുവെച്ചിട്ടുണ്ട്.