സണ്‍റൈസേഴ്സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത്. പന്തിനെ വീഴ്ത്തിയാല്‍ ജയം കൂടെപ്പോരുമെന്ന ഘട്ടം. ഡല്‍ഹിയുടെ ആവശ്യമായ റണ്‍റേറ്റും ആ സമയത്ത് കൂടുതലായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ പ്രതീക്ഷകളത്രയും പന്ത് തല്ലിക്കെടുത്തി. അതിന് ഇരയായത് മലയാളിയായ ബേസില്‍ തമ്പിയും.
ആദ്യ മൂന്ന് ഓവറുകള്‍ മനോഹരമായി പന്തെറിഞ്ഞ തമ്പി, നായകന് കെയിന്‍ വില്യംസണിന്റെ ബൗളേഴ്സ് ലിസ്റ്റില്‍ ഇടം നേടിയതാണ്. അതുകൊണ്ടാവണം അവസാന ഓവറുകളിലേക്ക് തമ്പിയെ കരുതിയതും. പക്ഷേ തമ്പിയുടെ നാലാം ഓവര്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. ഇന്നിങ്സിന്റെ 17ാം ഓവറാണ് തമ്പി എറിഞ്ഞത്. അതിലായിരുന്നു പന്തിന്റെ തകര്‍ത്താട്ടം.
രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെ 22 റണ്‍സാണ് ആ ഓവറില്‍ പന്ത് അടിച്ചെടുത്തത്. അതോടെ ഡല്‍ഹിയുടെ പന്തും റണ്‍സും തമ്മിലുള്ള അന്തരം കുറഞ്ഞു. ഡല്‍ഹി ഒരു പടികൂടി വിജയതീരത്ത് എത്തി. 17ാം ഓവറിലെ ആദ്യ നാല് പന്തുകളും നിലം തൊട്ടില്ല. നാലും ബൗണ്ടറി ലൈനിനപ്പുറം വീണു. ആദ്യ പന്തില്‍ സ്ട്രൈറ്റ് ബൗണ്ടറി. രണ്ടാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍. മൂന്നാം പന്ത് ഷോട്ട് ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറി. നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍.
പന്ത് എന്ത് കൊണ്ട് എന്നതിനുള്ള ഉത്തരംകൂടിയായിരുന്നു ആ റണ്ണുകളത്രയും. പക്ഷേ തമ്പിയെ സംബന്ധിച്ച് ഈ ഐ.പി.എല്‍ അത്ര സുഖമുള്ളതായിരുന്നില്ല. കളിക്കാന്‍ അവസരം ലഭിച്ചത് തന്നെ മൂന്ന് മത്സരങ്ങളില്‍ മാത്രം. ഒരൊറ്റ വിക്കറ്റും വീഴ്ത്താനുമായില്ല. മൂന്ന് സീസണുകളില്‍ ആദ്യമായാണ് തമ്പി ഒരു വിക്കറ്റും വീഴ്ത്താതെ മടങ്ങുന്നത്.
അതേസമയം മത്സരത്തില്‍ 49 റണ്‍സാണ് പന്ത് നേടിയത്. 21 പന്തില്‍ നിന്ന് അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.