ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഈ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ടി-20 ലോകകപ്പോടെ രാജ്യാന്തര ടി-20 മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി ക്യാപ്റ്റൻ സ്ഥാനവും അവസാനിപ്പിക്കുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. എന്നാൽ, കോലി കളമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യം ആർസിബി മാനേജ്മെൻ്റിനെ കുഴയ്ക്കും. (rcb virat kohli ipl)
എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്‌വൽ, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെ ചില പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, 37 വയസ്സായ ഡിവില്ല്യേഴ്സ് ആർസിബിയെ നയിക്കുക എന്നത് വളരെ വിദൂരമായ ഒരു സാധ്യതയാണ്. യുസ്‌വേന്ദ്ര ചഹാൽ ആവട്ടെ ഇതുവരെ ആഭ്യന്തര ടീമിനെപ്പോലും നയിച്ചിട്ടില്ല. ഐപിഎൽ, രാജ്യാന്തര മത്സരപരിചയമുണ്ടെങ്കിലും ഇതുവരെ നായകനായിട്ടില്ലാത്ത ചഹാലിനെ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കുക എന്നത് തീരെ സാധ്യതയില്ലാത്ത ഒന്നാണ്. മാക്സ്‌വൽ നല്ല ചോയ്സാണ്. മുൻപ് ക്യാപ്റ്റനായിട്ടുണ്ട്. മത്സരപരിചയം വേണ്ടുവോളമുണ്ട്. എന്നാൽ, അടുത്ത സീസണിൽ താരം ടീമിൽ ഉൾപ്പെടുമോ എന്നതാണ് സംശയം. മെഗാ ലേലത്തിൽ മറ്റേതെങ്കിലും ക്ലബ് താരത്തെ ടീമിലെത്തിച്ചേക്കും. ദേവ്ദത്ത് പടിക്കൽ ഒരു യുവ ക്യാപ്റ്റനെന്ന തോന്നലുണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ മത്സരപരിചയവും കോലിയും എബിയും അടങ്ങുന്ന ഒരു ടീമിനെ നയിക്കുക എന്ന ചുമതലയും ആ സാധ്യതയും അടയ്ക്കുകയാണ്.
അടുത്ത സീസണിൽ മെഗാ ലേലം ഉള്ളതുകൊണ്ട് തന്നെ ലീഡർഷിപ്പ് പെർക്ക് ഉള്ള ഒരു താരത്തെ ടീമിലെത്തിച്ച് ക്യാപ്റ്റൻ സ്ഥാനം കൊടുക്കാനാണ് ഏറെ സാധ്യത. 10 ടീം ആയി വികസിപ്പിക്കുന്നതുകൊണ്ട് തന്നെ അടുത്ത സീസണിൽ ഒരു ക്ലബിന് രണ്ട് പേരെ മാത്രമേ നിലനിർത്താനാവൂ എന്നാണ് വിവരം. രണ്ട് പേർക്കായി ആർടിഎമും ഉപയോഗിക്കാം. അതിനാൽ, ഒട്ടേറെ മികച്ച താരങ്ങൾ ലേലത്തിലെത്തും. ഇവരിൽ നിന്ന് ഒരു ക്യാപ്റ്റൻ ഫിഗറിനെ കണ്ടെത്തുക എന്നതാവും ലേലത്തിൽ ആർസിബി മാനേജ്മെൻ്റിൻ്റെ സുപ്രധാന ലക്ഷ്യം.
2013 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ഇതുവരെ ഒരു കിരീടം പോലും നേടാൻ കോലിക്ക് കഴിഞ്ഞിട്ടില്ല.