Cricket Sports

പൊരുതിയത് സഞ്ജു മാത്രം, കേരളത്തിന് തോല്‍വി

രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി. ആദ്യ എവേ മത്സരത്തില്‍ കേരളത്തെ ശക്തരായ ഗുജറാത്ത് 90 റണ്‍സിന് തോല്‍പിച്ചു. സൂറത്തില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

സ്‌കോര്‍: ഗുജറാത്ത് 127, 210, കേരളം 70, 177.

സഞ്ജു വി സാംസണ്‍(82 പന്തില്‍ 78) മാത്രമാണ് കേരളത്തിനായി രണ്ടാം ഇന്നിംങ്‌സില്‍ അല്‍പമെങ്കിലും പൊരുതിനോക്കിയത്. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 36ല്‍ എത്തിയപ്പോള്‍ ഓപണര്‍ വിഷ്ണു വിനോദിനെ (23) നഷ്ടമായി. ജലജ് സക്‌സേന 29 റണ്‍സെടുത്തു. മോനിഷ് (7), റോബിന്‍ ഉത്തപ്പ (7), സച്ചിന്‍ ബേബി (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗുജറാത്തിനായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ഗജ മൂന്നു വിക്കറ്റും കലേരിയ രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ 127 റണ്ണിന് ഗുജറാത്തിനെ റണ്‍ ഔട്ടാക്കിയപ്പോള്‍ ലഭിച്ച മുന്‍തൂക്കം 70 റണ്ണിന് പുറത്തായി കേരളം കളഞ്ഞു കുളിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്ത് 210 റണ്‍സാണ് അടിച്ചത്. ഒരു ഘട്ടത്തില്‍ ഒമ്പതിന് 160 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ ഗജയും സിദ്ധാര്‍ഥ് ദേശായിയും ചേര്‍ന്നാണ് 200 കടത്തിയത്. ഗുജറാത്തിനായി എം.സി.ജുനിജയും(53) ഗജയും(50) അര്‍ദ്ധ സെഞ്ചുറികള്‍ നേടി. കേരളത്തിനായി ബേസില്‍ തമ്പി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സക്‌സേന മൂന്നും വാരിയര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

രഞ്ജിയില്‍ ആദ്യമായി എലൈറ്റ് ഗ്രൂപ്പില്‍ കളിക്കാനിറങ്ങിയ കേരളത്തിന്റെ ആദ്യ എവേ മത്സരമാണ് ഗുജറാത്തിനെതിരെ നടന്നത്. ആദ്യ കളിയില്‍ ഡല്‍ഹിയോട് ആദ്യ ഇന്നിംങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തില്‍ ലഭിച്ച മൂന്ന് പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. രണ്ടാം കളിയില്‍ ബംഗാളിനോട് എട്ട് വിക്കറ്റിനാണ് കേരളം തോറ്റത്.